കൂടത്തായി കൊലപാതക പരമ്ബരയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നിരീക്ഷണത്തിലുള്ളവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങിയവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കേസില്‍ റിമാന്‍ഡിലുള്ള ജോളിയെയും മാത്യുവിനെയും പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ഇതിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് സംബന്ധിച്ചും അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.ജോളിയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയ പലരെയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഒസ്യത്തില്‍ സാക്ഷികളായി ഒപ്പിട്ടത് ഈ കുടുംബവുമായി ഒരു ബന്ധവുമുളളവരല്ല. ഇവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു.

റോയിയുടെ മരണത്തിനുശേഷം അച്ഛന്‍ എഴുതിവെച്ചതാണെന്നു കാണിച്ച്‌ ഒരു ഒസ്യത്ത് റോയിയുടെ സഹോദരിയെയും മറ്റും ജോളി കാണിച്ചിരുന്നു. ഇത് വെറും വെള്ളക്കടലാസിലായിരുന്നു. തീയതിയോ സാക്ഷികളോ ഒന്നുമുണ്ടായിരുന്നില്ല. ഇതിന് നിയമപരമായി സാധുതയില്ലെന്നു സഹോദരി പറയുകയും ചെയ്തു. ഇതാണ് ഒസ്യത്ത് എന്നാണ് ഇവര്‍ ധരിച്ചിരുന്നതെങ്കിലും പിന്നീട് സ്വത്ത് മറ്റൊരു ഒസ്യത്ത് പ്രകാരം ജോളിയിലേക്കു മാറ്റി രജിസ്റ്റര്‍ ചെയ്‌തെന്ന വിവരമാണു കിട്ടിയത്.മരിച്ച ടോം തോമസിന് മറ്റ് അവകാശികള്‍ ഇല്ലെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും അറിയാന്‍ കഴിഞ്ഞു.

പിന്നീട് രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയപ്പോഴാണ് മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ ഒസ്യത്ത് കണ്ടത്. ഇതില്‍ തീയതിയും സാക്ഷികളുമല്ലാം ഉണ്ടായിരുന്നുവെന്ന് റോയിയുടെ സഹോദരി രഞ്ജു പറഞ്ഞു. അതെ സമയം പ്രതി ജോളി ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി സൂചന. ജോളിയുടേയും ഷാജുവിന്റെയും കല്യാണത്തിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു. ഈ അവസരത്തിലാണ് കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന.