കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണായക വിവരങ്ങളാണ് വടകര റൂറല്‍ എസ്പി കെജി സൈമണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. രണ്ട് മാസമെടുത്ത്, മൂന്ന് റെയ്ഡുകള്‍ നടത്തി, 200 ഓളം പേരെ ചോദ്യം ചെയ്താണ് പൊലീസ് കൊലപാതക പരമ്ബരയുടെ ചുരുളഴിക്കുന്നത്.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പറയുമ്ബോഴും കേരളത്തിന്റെ കാത് ഉടക്കി നിന്ന് കെജി സൈമണ്‍ പറഞ്ഞ ‘ഹരോള്‍ഡ് കഥ’യിലാണ്. ഹരോള്‍ഡ് കൊലപാതകത്തെ ഓര്‍മപ്പെടുത്തുന്നതാണ് കൂടത്തായി കൊലപാതകം എന്നാണ് വടകര റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞത്.
ലോക ജനതയുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ ഭീതി നിറച്ച കഥകളില്‍ ഒന്നാണ് ഹരോള്‍ഡ് സ്റ്റോറി. അതുപോലെ തന്നെ കൂടത്തായി കൊലപാതക പരമ്ബരയും ഇനി കേരള ജനതയുടെ ഉറക്കം കെടുത്തും.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്ബരയെ സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തവേ റൂറല്‍ എസ് പി ആവര്‍ത്തിച്ച് പ്രതിപാദിച്ച ഹാരോള്‍ഡ് ഷിപ്പ്മാന് എന്നയാള്‍ ആരാണ് ? എന്തിനാണ് പോലീസ് സൂപ്രണ്ട് ഷിപ്പ്മാന്റെ കഥ വായിക്കാന്‍ പറഞ്ഞത് ? മരണത്തിന്റെ ഡോക്ടര്‍ എന്ന ബ്രിട്ട്നിലെ ഹരോള്‍ഡ് ഷിപ്പ്മാനും താമരശ്ശേരി കൂടത്തായിയിലെ ജോളിയും തമ്മിലുള്ള ബന്ധമെന്ത് ? – ആ കഥ ഇങ്ങനെ
ലോക ചരിത്രത്തിലെ ഏറ്റവും വലിയ സീരിയല്‍ കൊലയാളിയാണ് ഹരോള്‍ഡ് ഷിപ്മാന് എന്ന ബ്രിട്ടീഷുകാരനായ ഒരു മോഡേണ്‍ മെഡിസിന് ഡോക്ടര്‍. ബ്രിട്ടനിലെ നോട്ടിംഗ്ഹാമില്‍ ഒരു ലോറി ഡ്രൈവറുടെ നാല് മക്കളില്‍ രണ്ടാമനായി 14 ജനുവരി 1946 നു ജനിച്ച ഹാരോള്‍ഡ് ഫ്രഡറിക് ഷിപ്മാന്. സ്കൂളിലെ ഏറ്റവും നല്ല അത്ലറ്റും മിടുക്കനായ വിദ്യാര്‍ത്ഥിയും.
ലീഡ്സ് സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ബിരുദം നേടിയ ശേഷം ജൂനിയര്‍ ഡോക്ടര്‍ ആയി യോര്‍ക്ക്ഷെയറിലെ ആശുപത്രികളില്‍ പ്രാക്ടീസ് ചെയ്തു. 1974 ല്‍ ഒരു ജനറല്‍ പ്രാക്ടീഷണര്‍ ആയി ടോഡ്മോര്‍ഡനില്‍ ജോലിക്ക് കയറി എന്നാല്‍ പ്രിസ്ക്രിപ്ഷനില് തിരിമറി കാണിച്ചു സ്വന്തം ആവശ്യത്തിന് പെത്തഡിന് കൈവശപ്പെടുത്തിയെന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്യപ്പെട്ടു.
പക്ഷേ ഇയാള്‍ ഒരു ഡ്രഗ് റീഹാബിലിറ്റേഷന്‍ കോഴ്സിന് അയക്കപ്പെടുകയും 600 പൗണ്ട് പിഴ ശിക്ഷ നല്‍കിയും ഇതില്‍ നിന്ന് രക്ഷപ്പെട്ടു. വീണ്ടും ഡോക്ടര്‍ വേഷമണിഞ്ഞു ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഹൈഡില്‍ ഒരു ജനറല്‍ പ്രാക്ടീസില്‍ ജോലിക്ക് ചേര്‍ന്നു കഠിനാദ്ധ്വാനിയും രോഗികളോട് അലിവുമുള്ള ഡോക്ടര്‍ എന്ന നിലയില്‍ പേരെടുക്കാന്‍ ഷിപ്മാന് അധികം സമയം വേണ്ടി വന്നില്ല. ചെറു പട്ടണമായ ഹൈഡിലെ ഒരു പ്രമുഖനായി മാറാനും അയാള്‍ക്ക് സാധിച്ചു. തുടര്‍ന്ന് 1993ല്‍ അയാള്‍ സ്വന്തമായി ഒരു ജിപി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
ഡോക്ടറിലും നിന്നും കൊലപാതകിയിലേക്ക് .
നറല്‍ പ്രാക്ടീഷണറായ ഡോക്ടറായി പ്രാക്ടീസ് ചെയ്യവേ ചികിത്സിച്ച രോഗികളെ ഓരോരുത്തരെയായി ഷിപ്മാന് കൊല്ലാന്‍ തുടങ്ങി.
എങ്ങനെയാണ് രോഗികളെ കൊന്നത് ?
ഡയമോര്‍ഫിന്‍ (heroin) എന്ന വേദന സംഹാരി കുത്തിവെച്ചായിരുന്നു ഡോക്ടര്‍ അദ്ദേഹത്തിന്റെ രോഗികളെ കൊന്നൊടുക്കിയത്.
എന്തുകൊണ്ടാണ് രോഗികളെ കൊല്ലാന്‍ ഡയമോര്‍ഫിന്‍ എന്ന മരുന്ന് ഉപയോഗിച്ചത് ?
ഡോക്ടര്‍ ഹാരോള്‍ഡ് ഷിപ്മാനു ചെറുപ്പകാലത്ത് ഏറ്റവും കൂടുതല്‍ ആത്മബന്ധമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അമ്മയോടായിരുന്നു. അദ്ദേഹത്തിന് 17 വയസ്സുള്ളപ്പോള്‍ ലങ് ക്യാന്‍സര്‍ ബാധിച്ച ‘അമ്മ മരണപ്പെടുകയായിരുന്നു. അതുവരെ ദിവസവും ഒരു ഡോക്ടര്‍ വീട്ടിലെത്തി അമ്മയ്ക്ക് ഡയമോര്‍ഫിന്‍ (heroin) കുത്തിവെക്കുന്നത് ഹാരോള്‍ഡ് ശ്രദ്ധിക്കാറുണ്ടായിരുന്നു. പിന്നീട് ഡോക്ടറായ ശേഷം ഹാരോള്‍ഡ് തന്റെ ക്രൂരകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതും ഡയമോര്‍ഫിന്‍ എന്ന വേദനസംഹാരിയാണ്.
എത്ര രോഗികളെ ഡോക്ടര്‍ ഹാരോള്‍ഡ് ഷിപ്മാന് കൊലചെയ്തിട്ടുണ്ട് ?
2004 ലെ അന്വേഷണ റിപ്പോര്‍ട്ടുകളിലെ ഔദ്യോദിക കണക്കുകള്‍ പ്രകാരം 218 ആളുകളെ ഡോക്ടര്‍ ഷിപ്മാന് കൊല ചെയ്തിട്ടുണ്ട് എന്നതിന് തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ 1971 മുതല്‍ 1998 വരെ ആകെ 459 ആളുകള്‍ ഷിപ്മാനാല് കൊല്ലപ്പെട്ടിട്ടുണ്ട് എന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. 459 ആളുകളെയും പരസഹായമില്ലാതെ ഒറ്റയ്ക്കാണ് ഷിപ്മാന് കൊല ചെയ്തിട്ടുള്ളത്.
എത്ര കാലയളവിനുള്ളിലാണ് കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത് ?
ഷിപ്പ്മാനെ കുറിച്ച് അന്വേഷണം നടത്തിയ ഹൈക്കോര്‍ട്ട് ജഡ്ജ് ആയ ജാനറ്റ് സ്മിത്ത് നടത്തിയ എന്‍ക്വയറി പ്രകാരം 1974 മുതല്‍ 1998ല്‍ പിടിയിലാകുന്നത് വരെയുള്ള കാലയളവില്‍ അയാള്‍ 218 രോഗികളെ കൊന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് ബേക്കറുടെ ക്ലിനിക്കല്‍ ഓഡിറ്റ് പ്രകാരം ഇത് 236 ആയിരുന്നു.
കൊലചെയ്ത 215 ആളുകളുടെയും മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരുന്നതും, മരണം ഉറപ്പുവരുത്തിയതും ഡോക്ടര്‍ ഷിപ്മാന് ആയിരുന്നു.
1997 ല്‍ മാത്രം ഒരു വര്‍ഷം 37 കൊലപാതകങ്ങള്‍ നടത്തി.
എവിടെ നിന്നായിരുന്നു ഡോക്ടര്‍ ഷിപ്മാനു ഡയമോര്‍ഫിന്‍ (heroin) ലഭിച്ചിരുന്നത് ?
ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷണറായിരുന്ന ഷിപ്മാന് മരണാസന്നനായ രോഗികള്‍ക്ക് ആവശ്യമാണ് എന്ന വ്യാജേനയായിരുന്നു ഡയമോര്‍ഫിന്‍ (heroin) സ്റ്റോക്ക് ചെയ്തിരുന്നത്. പെത്തഡിന്, ഹെറോയിന്‍ പോലുള്ള മരുന്നുകള്‍ നഗരത്തിലെ ലോക്കല്‍ കെമിസ്റ്റുകളുടെ കടകളില്‍ നിന്നും ഡോക്ടര്‍ ഷിപ്പ്മാന്റെ പ്രെസ്ക്രിപ്ഷനില്‍ ധാരാളം വാങ്ങപ്പെട്ടിരുന്നു. കൊലചെയ്യപ്പെട്ട രോഗികള്‍ക്ക് തങ്ങളില്‍ കുത്തിവെക്കുന്നത് മരണത്തിനു കരണമാകാവുന്ന മാരക മയക്കുമരുന്നുകളാണെന്നു അറിവില്ലായിരുന്നു.
1996 ല്‍ മരണാസന്നനായ ഒരു രോഗിക്ക് എന്ന പേരില്‍ 12000 mg ഡയമോര്‍ഫിന്‍ (heroin) ഡോക്ടര്‍ ഷിപ്മാന് സ്റ്റോക്ക് ചെയ്തിരുന്നു. 12000 -mg ഡയമോര്‍ഫിന്‍ (heroin) ഉപയോഗിച്ച് ഏകദേശം 360 ആളുകളെ കൊല്ലാന്‍ സാധിക്കും. ബ്രിട്ടനില്‍ മരുന്നുകള്‍ വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതീവ രഹസ്യമായിട്ടായിരുന്നു ഷിപ്മാന് ഇവ സൂക്ഷിച്ചിരുന്നത്. ഒരിക്കല്‍പോലും പിടിക്കപ്പെട്ടിരുന്നില്ല.
ഏതു വിഭാഗത്തിപെട്ട രോഗികളെയായിരുന്നു ഡോക്ടര്‍ കൂടുതല്‍ കൊല ചെയ്തിരുന്നത് ?
ആകെ കൊലപാതകത്തിന്റെ 80 ശതമാനവും പ്രായാധിക്യമുള്ള സ്ത്രീകളായ രോഗികളായിരുന്നു. എന്നാല്‍ 4 വയസ്സുകാരന് മുതല്‍ 41 വയസ്സുള്ള ഒരു സ്ത്രീവരെ കൊലചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 1975 ല്‍ കോട്ടണ്‍ മില്‍ തുന്നല്ക്കാരിയായ ഇവാ ലയോണ്‍സ് എന്ന സ്ത്രീയായിരുന്നു അവരുടെ 71 മത് ജന്മദിനത്തിന്റെ അന്ന് ഡോക്ടര്‍ ഷിപ്പ്മാന്റെ ആദ്യത്തെ ഇര.
ഷിപ്മാനെ കുടുക്കിയത് അയാളുടെ ധനമോഹമായിരുന്നു. അവസാനം വകവരുത്തിയ കാത്ലീന് ഗ്രണ്ടി എന്ന വൃദ്ധയുടെ പേരിലുണ്ടാക്കിയ കള്ള വില്‍പ്പത്രം വഴി അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഹരോള്‍ഡ് പിടിയിലായത്. കാത്ലീന്റെ മകള്‍ ആഞ്ജല വുഡ്റഫ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും കാത്ലീന്റെ ശരീരം പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ ശരീരകലകളില്‍ ഡയമോര്‍ഫിന്‍ അമിതമായ അളവില്‍ കാണപ്പെടുകയും ചെയ്തു. ഷിപ്മാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കള്ള വില്‍പ്പത്രം ടൈപ്പ് ചെയ്യാന്‍ ഉപയോഗിച്ച ടൈപ്പ്റൈറ്ററും പൊലീസ് കണ്ടെടുത്തു.
ഇതേത്തുടര്‍ന്ന് മറ്റു കേസുകളിലും അന്വേഷണം നടത്തുകയും കുഴിച്ചിട്ട ശവശരീരങ്ങള്‍ പുറത്തെടുത്ത് പരിശോധന ചെയ്തതിലൂടെ 15 പേരെ ഷിപ്മാന് കൊന്നതായി തെളിഞ്ഞു. ഇയാളുടെ മിക്ക ഇരകളുടെയും ശരീര പരിശോധന സാധ്യമായിരുന്നില്ല, കാരണം ഇയാള്‍ ബന്ധുക്കളെ പ്രേരിപ്പിച്ചു ശരീരം വൈദ്യുതശ്മശാനത്തില്‍ കത്തിച്ചു കളയുകയായിരുന്നു പതിവ്.
2000 ജനുവരി 31ന് പ്രെസ്റ്റണ് ക്രൗണ്‍ കോടതിയിലെ ജൂറി ഷിപ്മാനെ കുറ്റക്കാരനായി വിധിച്ചു. ജീവപര്യന്തം തടവാണ് ഷിപ്മാന് ജഡ്ജി വിധിച്ചത്. 2004 ജനുവരി 13ന് വേക്ക്ഫീല്‍ഡ് ജയിലില്‍ വെച്ച്, തന്റെ 58മത് ജന്മദിനത്തിന്റെ തലേദിവസം ഹരോള്‍ഡ് ഷിപ്മാന് ജയില്‍ മുറിയില്‍ തൂങ്ങിമരിച്ചു.