കൂടത്തായിയിലെ മുഖ്യപ്രതി ജോളി മുമ്ബും ഭര്‍തൃമാതാവിന് നേരെ വിഷം പ്രയോഗിച്ചിരുന്നെന്ന് കണ്ടെത്തി അന്വേഷണസംഘം. ജോളിയുടെ ആറു കൊലപാതകങ്ങളിലെ ആദ്യത്തേത് ഭര്‍ത്താവ് റോയിയുടെ മാതാവായ അന്നമ്മയുടേതായിരുന്നു. ഇവരെ മുമ്ബും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ആദ്യ ശ്രമത്തില്‍ അന്നമ്മയ്ക്ക് കാലുകള്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് ഭക്ഷ്യവിഷബാധയാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയത്. എന്നാല്‍ ജോളി അന്നമ്മയെ കൊലപ്പെടുത്താന്‍ ചെയ്ത ശ്രമമാണിതെന്നാണ് പോലീസിനു ലഭിച്ച മൊഴി. ചെറിയ അളവിലുള്ള വിഷപ്രയോഗമായിരുന്നു അന്ന്
ജോളി നടത്തിയത്.

എന്നാല്‍ രണ്ടാമത് ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തി അന്നമ്മയെ കൊല്ലുകയായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. സമാനമായ രീതിയില്‍ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി രഞ്ജി പോലിസിന് നേരത്തേ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തില്‍ ജോളിയെ സഹായിച്ചവരെയും അറസ്റ്റുചെയ്യും. കൂടുതല്‍ തെളിവുകള്‍ കൊലപാതക പരമ്ബരയില്‍ അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടര്‍ന്നാണിത്.