കൂടത്തായി കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നിരീക്ഷണത്തിലുള്ളവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങിയവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്.

പ്രതി ജോളി ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി സൂചന. ജോളിയുടേയും ഷാജുവിന്റെയും കല്യാണത്തിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു. ഈ അവസരത്തിലാണ് കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന.

ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കേസില്‍ റിമാന്‍ഡിലുള്ള ജോളിയെയും മാത്യുവിനെയും പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ഇതിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് സംബന്ധിച്ചും അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.