പള്ളികള്‍ക്കും വിശ്വാസത്തിനും നേരെയുള്ള അധിനിവേശത്തിനെതിരേ യാക്കോബായ സഭ നടത്തിയ രണ്ടാം കൂനന്‍കുരിശ് സത്യം സഭാചരിത്രത്തിലെ പുതിയ അധ്യായമായി. കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിക്കുമുന്നിലെ കല്‍ക്കുരിശില്‍ ആലാത്ത് (വടം) കെട്ടിയതില്‍ പിടിച്ചാണ് ആയിരക്കണക്കിനു യാക്കോബായ വിശ്വാസികള്‍ രണ്ടാം കൂനന്‍കുരിശ് സത്യപ്രഖ്യാപനം നടത്തിയത്.
സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിശ്വാസസമൂഹത്തെ സാക്ഷിയാക്കി പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടത്തില്‍ തൊട്ടാണു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
കോതമംഗലത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അഭാവത്തിലാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സത്യപ്രതിജ്ഞാചടങ്ങിന്റെ നേതൃത്വം ഏറ്റെടുത്തത്.
സത്യപ്രതിജ്ഞയ്ക്കുശേഷം പള്ളിക്കു പുറത്തെത്തി ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കല്പന ജോസഫ് മാര്‍ ഗ്രിഗോറിയോസ് വായിച്ചു. അതിനുശേഷമായിരുന്നു രണ്ടാം കൂനന്‍കുരിശ് സത്യവാചകം അദ്ദേഹം ചൊല്ലിക്കൊടുത്തത്. കുരിശില്‍ കെട്ടിയ ആലാത്ത് പിടിച്ചും കൈകള്‍ കോര്‍ത്തുപിടിച്ചും ഉച്ചത്തില്‍ വിശ്വാസികള്‍ സത്യവാചകം ഏറ്റുചൊല്ലി.
സഭയിലെ പതിനഞ്ചോളം മെത്രാപ്പൊലീത്തമാരും നൂറുകണക്കിനു വൈദികരും പരിശുദ്ധ ബാവായുടെ കബറിടംമുതല്‍ കുരിശുവരെ കൈകോര്‍ത്ത് നിന്നു. പള്ളിമുതല്‍ ആലുവ മൂന്നാര്‍ റോഡില്‍ നാലുകിലോമീറ്റര്‍ അപ്പുറമുള്ള നെല്ലിക്കുഴിവരെ വിശ്വാസികളുടെ നിര നീണ്ടു.