കൂടത്തായി കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ പൊലീസ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഇയാളെ വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ ഷാജു അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.
അതേസമയം, ഭാര്യ സിലി മരണപ്പെടുന്നതിന് മുമ്ബും ജോളി തന്നോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്ന് ഷാജു പറഞ്ഞു. സിലി മരിച്ച് രണ്ട് മാസത്തിന് ശേഷം വിവാഹക്കാര്യം ആദ്യം പറഞ്ഞത് ജോളിയാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 2002നും 2016നും ഇടയിലാണ് ആറ് മരണങ്ങളും സംഭവിച്ചത്. മരണങ്ങളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളും ഷാജുവിന്റെ ഭാര്യയുമായ സിലി, ഇവരുടെ രണ്ട് വയസുള്ള കുഞ്ഞുമാണ് തുടര്‍ച്ചയായി മരണപ്പെട്ടത്.റോയിയുടെ സഹോദരന്‍ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2016ലായിരുന്നു സിലിയുടെ മരണം. തൊട്ടടുത്ത വര്‍ഷം തന്നെ ഷാജു ജോളിയെ വിവാഹം ചെയ്തു. കുടുംബാംഗങ്ങളുള്‍പ്പെടെ നിരവധി പേരുടെ എതിര്‍പ്പ് വിവാഹത്തിന് ഉണ്ടായിരുന്നു.
അതേസമയം കൊലപാതകങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ജോളിയെ പലരും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. 11 പേര്‍ നിരീക്ഷണത്തിലാണ്. വ്യാജ ഒസ്യത്ത് നിര്‍മ്മിക്കാന്‍ ജോളിയെ സഹായിച്ചവരും കൂട്ടത്തിലുണ്ട്. നിരീക്ഷണത്തിലുള്ള 11 പേര്‍ക്കും കൊലപാതകങ്ങളില്‍ പ്രകടമായ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഇവരില്‍ കൊല ആസൂത്രണം ചെയ്യാന്‍ സഹായിച്ചവരിലേക്ക് തിരിഞ്ഞുകഴിഞ്ഞതായാണ് സൂചന. തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനായിരുന്ന മാത്യുവാണ് മറ്റൊരു പ്രധാന കണ്ണി. ഇയാള്‍ക്ക് അഞ്ച് തവണ സയനൈഡ് നല്‍കിയിട്ടുണ്ടെന്ന് അറസ്റ്റിലായ സ്വര്‍ണത്തൊഴിലാളി പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. തെരുവ് നായ്ക്കളെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയത്. ജോളി ഇത് ഉപയോഗിക്കുന്നത് കൊലപാതകത്തിനാണെന്ന് മാത്യുവിന് അറിയാമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് വിവരം.