കൊച്ചി: ഉപതെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ എൻഡിഎയിലെ ഭിന്നിപ്പ് പരസ്യമാക്കി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. പാർട്ടി എൻഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ അതിനുള്ള സാധ്യതതകൾ തള്ളാതെയാണ് ബിഡിജെഎസ് നേതാവിന്റെ കൊച്ചിയിലെ പ്രതികരണം. ബിഡിജെഎസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും തുഷാർ പറഞ്ഞു.
എന്നാൽ നിലവിൽ എൻഡിഎയ്ക്കൊപ്പം തുടരാനാണ് തീരുമാനമെന്നും തുഷാർ കൂട്ടിച്ചേർത്തു. എസ്എൻഡിപിയോഗം പാലാ തെരഞ്ഞെടുപ്പിലും മറ്റിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും സ്വീകരിച്ച ചില നിലപാടുകൾ ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു.
എൽഡിഎഫിനെ അനുകൂലിക്കുന്ന തരത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകളാണ് ബിഡിജെഎസ് മുന്നണി വിട്ടേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിന് കാരണമായത്.