തെന്നിന്ത്യന്‍ താരറാണി നയന്‍താര കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അഭിമുഖം നല്‍കിയിരിക്കുകയാണ്, ‘വോഗ് ഇന്ത്യ’ക്കാണ് നയന്‍സ് അഭിമുഖം നല്‍കിയിരിക്കുന്നത്. സാധാരണ അഭിമുഖങ്ങളില്‍ നിന്നും പ്രമോഷനുകളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കാറാണ് പതിവ്.മാസികയുടെ ഒക്ടോബര്‍ മാസികയുടെ കവര്‍ പേജില്‍ ദുല്‍ഖറിനും മഹേഷ് ബാബുവിനുമെപ്പം നയന്‍താരയുമുണ്ട്.

തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നുണ്ട് നയന്‍സ് അഭിമുഖത്തില്‍. ‘ഞാന്‍ കേന്ദ്രകഥാപാത്രമാവുന്ന സിനിമകളില്‍ തീരുമാനങ്ങള്‍ എന്റെതാണ്. ചിലര്‍ സംവിധായകര്‍ കാമുകന്‍മാരെയും ഭര്‍ത്താക്കന്മാരെയും കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോ എന്നാണ് ഞാനപ്പോള്‍ ചോദിക്കാറുള്ളത്.’

‘ജയത്തില്‍ മതിമറക്കുന്ന ആളല്ല താന്‍, എന്നാല്‍ നല്ല സിനിമ പ്രേക്ഷകന് നല്‍കാന്‍ കഴിയുമോ എന്ന ഭയം തനിക്ക് ഇപ്പോഴുമുണ്ട്’,സൂപ്പര്‍സ്റ്റാര്‍ പറയുന്നു. പുരുഷാധിപത്യത്തെ കുറിച്ചും പറയാനുണ്ട് താരത്തിന്, ‘എന്തുകൊണ്ടാണ് എല്ലായിപ്പോഴും പുരുഷന്മാര്‍ക്ക് മാത്രം അധികാരമുണ്ടായിരിക്കേണ്ടത്? ഇതിന്റെ പ്രശ്‌നമെന്തെന്നാല്‍ സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡ് ചെയ്യുന്ന റോളില്‍ എത്തിയിട്ടില്ലെന്നതാണ്-ഇതാണെനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയാന്‍ ഇപ്പോളും അവര്‍ക്കായിട്ടില്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് നിങ്ങളും കേള്‍ക്കണം.

പൊതു പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെ പറ്റി നയന്‍സിന് പറയാനുള്ളത് ഇതാണ്, ‘ഞാന്‍ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്, ഞാന്‍ ചിന്തിക്കുന്നത് ലോകം അറിയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. എന്റെ ജോലി അഭിനയമാണ്. ബാക്കി സിനിമ സംസാരിക്കട്ടെ.’ നയന്‍സിന്റെ നിലപാടുകള്‍ വ്യക്തമാണ്. സെയ്‌റാ നരസിംഹ റെഡ്ഡിയാണ് അവസാനമിറങ്ങിയ നയന്‍താര ചിത്രം. അണിയറയില്‍ ഒരുങ്ങുന്നത് ദര്‍ബാറും ബിഗിലുമാണ്.