കോഴിക്കോട് : താന്‍ അറിയുന്ന സഹോദരനായിരുന്നില്ല മരണസമയത്ത് റോയിയെന്ന് സഹോദരി റെഞ്ചി തോമസ്. അമ്മ മരിച്ച ശേഷം റോയി മാനസികമായി തകര്‍ന്നിരുന്നു. അതായിരിക്കാം റോയിയെ മദ്യപാനത്തിലേക്ക് നയിച്ചത്. റോയി മദ്യത്തിന് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞതെന്നും റെഞ്ചി പറഞ്ഞു.
അച്ഛനും സഹോദരനും മരിക്കുമ്ബോള്‍ താന്‍ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്ബോള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. റോയി മരിച്ച ശേഷം താനും സഹോദരന്‍ റോജോയും സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി കേസ് നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. മാതാപിതാക്കളുടെ സ്വത്ത് മക്കള്‍ക്കുള്ളത് തന്നെയാണെന്നാണ് അവരോട് പറയാനുള്ളതെന്നും റെഞ്ചി പറയുന്നു.
ഒസ്യത്ത് വ്യാജമാണെന്നും തിരുത്തല്‍ നടന്നതായും റെഞ്ചി പറഞ്ഞു. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോള്‍ ഞെട്ടി. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ സഹായിച്ചെന്ന് സംശയിക്കുന്നു. 2008ല്‍ എഴുതിയ ഒസ്യത്ത് കാണിച്ചു തന്നത് റോയി തോമസാണ്. അതില്‍ മുപ്പത്തിമൂന്നേ മുക്കാല്‍ സെന്റ് സ്ഥലവും വീടും സഹോദരനും കുടുംബത്തിനുമായി എഴുതി നല്‍കിയിരുന്നു.
വായിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്ന് മനസിലായിരുന്നു. തീയതിയും സ്റ്റാമ്ബും സാക്ഷികളും ഉണ്ടായിരുന്നില്ല. ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ പിതാവ് ഇങ്ങനെ ഒരു ഒസ്യത്തെഴുതുമെന്ന് കരുതുന്നില്ല. റോജോയോട് അപ്പോള്‍ തന്നെ അത് എടുത്തുവയ്ക്കാന്‍ പറഞ്ഞു. 50 സെന്റ് സ്ഥലം കൂടി ബാക്കി ഉണ്ടായിരുന്നു. പക്ഷേ അത് ഒസ്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും റെഞ്ചി പറഞ്ഞു.