കൊച്ചി: മരടില്‍ സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശിച്ച ഫ്ലാറ്റുകളില്‍ 140 ഫ്ലാറ്റുകളാണ് ഉടമസ്ഥാവകാശ രേഖകളില്ലാതെ കിടക്കുന്നത്. വില്‍ക്കാതെ ബില്‍ഡര്‍മാരുടെ കൈവശമുള്ളവ ഉള്‍പ്പെടെയാണിത്. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാര്‍ട്മെന്റുകള്‍ ആകെയുണ്ട്. ശരിയായ രേഖകള്‍ ഇല്ലാത്ത ഉടമകള്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനു നിയമ തടസമുണ്ടാകും. ഫ്ലാറ്റുകളുടെ അമ്ബതോളം ഉടമകളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റവന്യൂ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ കൈവശാവകാശ രേഖ വാങ്ങാത്തതാണ് കാരണം.

നഗരസഭ അറിയിച്ച താമസക്കാരെ ഒഴിപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോഴും ഉടമസ്ഥര്‍ ആരെന്നറിയാത്ത 50 ഫ്ലാറ്റുകള്‍ ആണ് മരടില്‍ ഉള്ളത്.

ഇവയുടെ ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ റവന്യൂ വകുപ്പ് ഫ്ലാറ്റുകള്‍ നേരിട്ട് ഒഴിപ്പിക്കും. നിലവില്‍ മരട് ഫ്ലാറ്റുകളില്‍ നിന്നും 29 കുടുംബങ്ങളാണ് ഒഴിയാനുള്ളത്. യഥാക്രമം ഹോളി ഫെയ്ത് 18, ആല്‍ഫാ 7, ഗോള്‍ഡന്‍ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം. ഫ്‌ളാറ്റുകളിലെ 4 സമുച്ചയങ്ങളിലായി 50 അപ്പാര്‍ട്മെന്റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഇവയുടെ ഉടമകള്‍ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതെല്ലാം തന്നെ വിറ്റുപോയ ഫ്ലാറ്റുകള്‍ ആണെങ്കിലും കൈവശാവകാശ രേഖകള്‍ നഗരസഭയില്‍ നിന്ന് കൈപറ്റിയിട്ടില്ല. അതുമൂലം രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്ന് ഉടമസ്ഥരുടെ രേഖകള്‍ ശേഖരിക്കും.

ഉടമസ്ഥരില്ലാത്ത ഫ്ലാറ്റുകള്‍ ബില്‍ഡര്‍മാര്‍ സ്വയം സൂക്ഷിച്ചിരിക്കുന്നതാവാം എന്നും സൂചനയുണ്ട്. കാരണം പല ഫ്ലാറ്റുകളിലും ഏതാനും എണ്ണം ബില്‍ഡര്‍മാര്‍ കൈവശംവെയ്ക്കാറുണ്ട്. കരാര്‍വെച്ച്‌ താമസം തുടങ്ങിയ ശേഷം സ്വന്തംപേരിലേക്ക് ഫ്ലാറ്റുകള്‍ മാറ്റാത്തതാകാനും സാദ്ധ്യതയുണ്ട്. ബിനാമി ഇടപാടുകളായിരിക്കാമെന്നാണ് മറ്റൊരു സംശയം. ഉടമകള്‍ വിദേശങ്ങളിലായിരിക്കാനും സാദ്ധ്യതയുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ വിശദപരിശോധന നടത്തിയാലെ ഇക്കാര്യം കണ്ടെത്താനാകൂ. ആളില്ലാത്ത ഫ്ലാറ്റുകളിലുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ വകുപ്പില്‍നിന്ന് വിവരം ലഭിച്ചാല്‍ ഇവരെ ബന്ധപ്പെടും.

അല്ലെങ്കില്‍, ഫ്ലാറ്റുകളിലെ സാധനങ്ങള്‍ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത ഫ്ലാറ്റ് നിര്‍മാണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങള്‍ക്കൂടി പരിശോധിക്കുമെന്നാണ് സൂചന. ദുരൂഹമായ പണമിടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടുതല്‍ കുരുക്കുകള്‍ ഉണ്ടാകും. എല്ലാ രേഖകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്ലാറ്റുടമകളുടെ മൊഴിയെടുപ്പ് തുടരുകയാണ്. ആധാരത്തില്‍ മൂല്യംകുറച്ചു കാണിച്ച കേസുകളുണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് അന്വേഷണ സംഘാംഗം പറഞ്ഞു. മരട് മുനിസിപ്പാലിറ്റി ഓഫീസില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ പകര്‍പ്പുകളുടെ പരിശോധന തുടരുകയാണ്. ഫ്ലാറ്റ് ഉടമകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തിനു രേഖകളുടെ സാധുത പരിശോധിച്ച്‌ അന്തിമ തീരുമാനമെടുക്കുക.