ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലേയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബാങ്കോക്കിലേക്ക് പോയതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി അറിയിക്കുന്നത്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പ്രചാരണത്തിനായി രാഹുല്‍ എത്തുമെന്നും നേതൃത്വം പറയുന്നു.

ശനിയാഴ്ചയാണ് രാഹുല്‍ ​ഗാന്ധി ബാങ്കോക്കിലേക്ക് പോയത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കേണ്ട സമയത്താണ് രാഹുലിന്റെ യാത്ര എന്ന് ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനം അണികള്‍ക്കിടയിലും ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയത്.