കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേയ്ക്ക് ശേഷം നടന്‍ പൃഥ്വിരാജിന്റെതായി കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി എന്ന സിനിമയ്ക്ക് ശേഷം സച്ചി പൃഥ്വിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

വമ്ബന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ആയിരുന്നു ആരംഭിച്ചിരുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സച്ചി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജിനൊപ്പം ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അന്ന രാജന്‍ നായികയാവുന്ന ചിത്രത്തില്‍ സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അട്ടപ്പാടിയും പാലക്കാടും പ്രധാന ലൊക്കേഷനുകളായ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു.