ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ് യുവതിയെ വിവാഹം ചെയ്തയാള്‍ നാലുമാസത്തിന് ശേഷം മുങ്ങി. നാസയില്‍ ജോലിക്കായി പോകുകയാണ് എന്നുപറഞ്ഞാണ് ന്യൂഡല്‍ഹി ദ്വാരക സ്വദേശി ജിതേന്ദ്ര കടന്നുകളഞ്ഞത്. ഡല്‍ഹിയിലെ തന്നെ ഗവേഷണ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെയും കുടുംബത്തെയുമാണ് ഇയാള്‍ കബളിപ്പിച്ചത്.

ശാസ്ത്രജ്ഞനാണെന്ന് കാണിച്ചുകൊണ്ടുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു ജിതേന്ദ്രയുടെ കൈയിലുണ്ടായിരുന്നത്. നാസയില്‍ ചേരാന്‍ പോകുന്നു എന്ന് പറഞ്ഞതാണ് കുടുംബത്തില്‍ സംശയത്തിന് ഇടയാക്കിയത്. ശേഷം കുടുംബാംഗങ്ങള്‍ ഇയാളെ രഹസ്യമായി ശ്രദ്ധിച്ചിരുന്നു.

അമേരിക്കയിലേക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ജിതേന്ദ്ര നാട്ടില്‍ തന്നെയുണ്ടെന്ന് മൊബൈല്‍ ലൊക്കേഷന്‍ വഴി മനസിലാക്കിയ ഭാര്യയും കുടുംബവും ഇയാള്‍ തൊഴില്‍ രഹിതനാണെന്നും വേറെ വിവാഹം കഴച്ചിട്ടുണ്ടെന്നും മനസിലാക്കി. താന്‍ കബളിപ്പിക്കുന്നത് ഭാര്യയും കുടുംബവും മനസിലാക്കിയത് അറിഞ്ഞതോടെ ജിതേന്ദ്ര നാട്ടില്‍നിന്നും മുങ്ങി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.