കൊല്ലം: വര്‍ക്കല പാരിപ്പള്ളിയില്‍ ഭക്ഷണം കഴിക്കാത്തതിന് അമ്മയുടെ മര്‍ദനമേറ്റ് നാല് വയസ്‌കറ്റി മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തേടി പോലീസ്. ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയ ആണ് ചെങ്ങന്നൂര്‍ സ്വദേശിയായ അമ്മ രമ്യയുടെ മര്‍ദനമേറ്റ് മരിച്ചത്. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി പിതൃസഹോദരി രമ്യക്കെതിരെ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ഞായറഴ്ച രാവിലെയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടെവെച്ച്‌ കുട്ടി രക്തം ഛര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു, എന്നാല്‍ യാത്രാമധ്യേ പള്‍സ് നില താഴുകയായിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ കഴക്കൂട്ടം സിഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ശേഷം പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും. കുഞ്ഞിന്റെ മരണവിവരമറിഞ്ഞെത്തിയ പിതാവ് ആശുപത്രിയില്‍ ബോധരഹിതനായി വീണു.