ശതകോടീശ്വരന്മാര്‍ ഉണ്ടാകരുതെന്ന് പറയുന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബേര്‍ണി സാന്‍ഡേഴ്സിനെപോലുള്ളവരൊക്കെ എവിടെനിന്നാണ് വരുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകത്തിലെ അഞ്ചാമത്തെ ധനികനായ വ്യക്തിയാണ് ഫേസ്ബുക്ക് സി.ഇ.ഒ കൂടിയായ സക്കര്‍ബര്‍ഗ്. ‘ഒരാളുടെ പക്കല്‍ എത്രത്തോളം പണമുണ്ടായിരിക്കണം എന്നതിന് കൃത്യമായ പരിധികളുണ്ടോ എന്ന് എനിക്കറിയില്ല’ എന്നും കമ്ബനിയുടെ ആസ്ഥാനത്ത് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. സാന്‍ഡേഴ്‌സിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ഒരു ജീവനക്കാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം സക്കര്‍ബര്‍ഗിന്റെ ആസ്തി 70 ബില്യണ്‍ ഡോളറാണ്. തന്റെ ഫേസ്ബുക്ക് ഓഹരികളില്‍ നിന്നും 99% വിട്ടുനല്‍കാനും തയ്യാറാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ജൂലൈയില്‍ കമ്ബനിയില്‍ നടന്ന ആഭ്യന്തര മീറ്റിംഗില്‍നിന്നും ഒരു ഓഡിയോ ചോര്‍ന്നത് വാര്‍ത്തയായതാണ്. അതിനുശേഷം നടക്കുന്ന ആദ്യമീറ്റിംഗ് ആണിത്. അത് മുഴുവനായി ലൈവ്‌സ്ട്രീം ചെയ്യാന്‍ സക്കര്‍ബര്‍ഗ് അസാധാരണമായി തീരുമാനിക്കുകയായിരുന്നു.

‘കമ്ബനിക്കകത്തു നടക്കുന്ന യോഗങ്ങളില്‍ ഉണ്ടാവുന്ന ചോദ്യോത്തര പരിപാടി എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണെന്നും, അതെങ്ങനെയാണ് നടക്കുന്നതെന്ന് എല്ലാവരേയും കാണിക്കുന്നത് നല്ലതാണെന്ന് തോന്നിയതിനാലാണ് ലൈവ് സ്ട്രീമിംഗ് ചെയ്തതെന്നും’ തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചുകൊണ്ട് സക്കര്‍ബര്‍ഗ് പറഞ്ഞു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എലിസബത്ത് വാറനെക്കുറിച്ച്‌ നിഷ്പക്ഷത പാലിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയുമെന്ന് സക്കര്‍ബര്‍ഗിനോട് ചോദിക്കപ്പെട്ടു. ‘അവരോട് കൂടുതല്‍ ശത്രുത പുലര്‍ത്താതിരിക്കാന്‍ ശ്രമിക്കാം’ എന്നായിരുന്നു അതിനദ്ദേഹം നല്‍കിയ മറുപടി. ‘ആരെങ്കിലുമൊക്കെ തിരഞ്ഞെടുക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, അതിനി എല്ലാ കാര്യങ്ങളിലും എനിക്ക് വിയോജിപ്പുള്ള ആളായാല്‍ പോലും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക് ഭീമന്മാരായ ഫേസ്ബുക്ക്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്ബനികളുടെ അപ്രമാദിത്വം ഇല്ലാതാക്കുന്നതിനായി വാറന്‍ ഈ വര്‍ഷം ആദ്യം ഒരു ആക്രമണാത്മകമായ പദ്ധതി പുറത്തിറക്കിയിരുന്നു. കമ്ബനികളെ തകര്‍ക്കുക എന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി എലിസബത്ത് വാറനെപ്പോലുള്ളവര്‍ കാണുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എലിസബത്ത് വാറന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും അമേരിക്കയിലെ ടെക് ഭീമന്മാരെ തകര്‍ക്കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ ശ്രമിക്കുകയും ചെയ്താല്‍ തന്റെ കമ്ബനി അതിനെ വേണ്ട രീതിയില്‍ നേരിടുമെന്ന്’ ചോര്‍ന്ന ഓഡിയോ സന്ദേശത്തില്‍ സക്കര്‍ബര്‍ഗ് പറയുന്നുണ്ടായിരുന്നു.