കൊച്ചി: തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര യോഗം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷയില്‍ ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചിയിലാണ് യോഗം. ജില്ല കലക്ടര്‍, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ് കലക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് പ്രദേശവാസികളെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഫ്‌ലാറ്റുകളിലുണ്ടായിരുന്ന താമസക്കാര്‍ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്. ഇവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിലും തീരുമാനമെടുക്കും.

അതേസമയം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതിന് രണ്ട് കമ്ബനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റുകള്‍ പൊളിക്കുന്ന ആറ് മണിക്കൂര്‍ നേരം ചുറ്റുവട്ടത്തുള്ളവരെയെല്ലാം ഒഴിപ്പിക്കുമെന്നും സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. 2020 ജനുവരി ഒന്‍പതിനു മുന്‍പായി മുഴുവന്‍ ഫ്ളാറ്റുകളും പൊളിച്ചു നീക്കുമെന്ന് സ്ബ് കലക്ടര്‍ അറിയിച്ചു.

രണ്ട് കമ്ബനികള്‍ക്കാണ് ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതിനുള്ള പ്രധാന ചുമതല. ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതിയും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നടപടികളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കമ്ബനികള്‍ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കും. ഇതിനുശേഷം മാത്രമായിരിക്കും ഫ്ളാറ്റുകള്‍ പൊളിക്കുന്ന നടപടിയിലേക്ക് കടക്കുക. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ജോലിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാവുമെന്നും കലക്ടര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാലും നഷ്ടപരിഹാരം ഉറപ്പാക്കും.