തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ വാച്ച്‌ ഉപയോഗിക്കാന്‍ ഇനി മുതല്‍ അനുവദിക്കില്ല. ആറ് മെഡിക്കല്‍ കോളേജുകളില്‍ പരീക്ഷാ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ സര്‍വ്വകലാശാലയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് സമയം അറിയാന്‍ പരീക്ഷാ ഹാളുകളില്‍ ക്ലോക്കുകള്‍ സ്ഥാപിക്കാനും സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം വലുപ്പമുള്ള മാലകള്‍, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും ധരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വെള്ളക്കുപ്പിയുമായി വിദ്യാര്‍ത്ഥികളെ അകത്ത് കയറ്റില്ലെന്നും ആരോഗ്യ സര്‍വ്വകലാശാല കര്‍ശ്ശന നിര്‍ദ്ദേശം ഇറക്കിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ കോപ്പിയടിയും പരീക്ഷാ ക്രമക്കേടും തടയാന്‍ സഹായിക്കുമെന്നാണ് സര്‍വ്വകലാശാല കണക്കുകൂട്ടുന്നത്.

ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്‌യുടി, അസീസിയ, എംഇഎസ്, എസ്‌ആര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്. കൂടുതല്‍ കോളജുകളില്‍ പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്