കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്ബരയില്‍ താന്‍ ഒറ്റയ്‌ക്കല്ല കൊലപാതകങ്ങള്‍ നടത്തിയതെന്ന് അറസ്റ്റിലായ ജോളി പൊലീസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 11പേര്‍ നിരീക്ഷണത്തിലാണ്. ഇതുസംബന്ധിച്ച്‌ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പങ്ക് പരിശോധിക്കും. വ്യാജ വില്‍പത്രം ഉണ്ടാക്കിയതിന്റെ പേരിലും അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പങ്കാളികളായ ഒരു തഹസില്‍ദാര്‍, ഒരു വക്കീല്‍, രണ്ട് രാഷ്ട്രീയ നേതാക്കള്‍, മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ ഇവരെ കുറിച്ചും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ മുതിര്‍ന്ന നേതാക്കളാണ് നിരീക്ഷണത്തിലുള്ള രണ്ട് രാഷ്ട്രീയ നേതാക്കളും. രണ്ടുപേരെയും പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കൂടാതെ കേസില്‍ സാക്ഷികളായ എല്ലാവരും ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും ഇവരെ ചോദ്യം ചെയ്തതില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചന. ജോളി ഇവരുമായിട്ടുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇതുസംബന്ധിച്ച്‌ കഴിഞ്ഞ ആറ് മാസത്തെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. ഓരോ തവണയും ചോദ്യംചെയ്ത് തിരിച്ച്‌ വരുമ്ബോള്‍ ജോളി ഇവരോട് സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനായി സ്വാധീനം ചെലുത്തിയെന്നുമാണ് വിവരം. ജോളി അറസ്റ്റിന് മുമ്ബേ ക്രിമിനല്‍ അഭിഭാഷകനെ കണ്ടതായും പൊലീസ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന ജോളിയുടെ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായത്. ജോളിയുമായി അടുപ്പമുള്ള കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങുകയാണ്.