സൗദി : സൗദിയില്‍ ഫാമിലി ടാക്‌സികളില്‍ വനിതകള്‍ക്ക് ഡ്രൈവര്‍മാരായി നിയമനം. ഇത്തരം ടാക്‌സികളില്‍ പുരുഷന്മാര്‍ മാത്രം യാത്ര ചെയ്താല്‍ ടാക്‌സി സ്ഥാപനത്തിന് മേല്‍ 1000 റിയാല്‍ പിഴ ചുമത്തും. ഗതാഗത മന്ത്രി നബീല്‍ അല്‍ ആമൂദിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ടാക്‌സിക്കുള്ളില്‍ ഡ്രൈവര്‍ പുകവലിക്കുക, യാത്രക്കാര്‍ക്ക് പുകവലിക്കാന്‍ അനുവാദം നല്‍കുക, പൊതു മര്യാദകള്‍ പാലിക്കാതിരിക്കുക, വസ്ത്രധാരണത്തിനും വൃത്തിക്കും ആവശ്യമായ പരിഗണന നല്‍കാതിരിക്കുക, ഭിന്നശേഷിക്കാരായ യാത്രക്കാരെ സഹായിക്കാതിരിക്കുക, യാത്രക്കാര്‍ കൂടെയില്ലാതെ സാധനങ്ങള്‍ മാത്രം കയറ്റുക എന്നീ കുറ്റങ്ങള്‍ക്ക് 500 റിയാലാണ് പിഴ ചുമത്തുക.

ഭിന്നശേഷിക്കാര്‍ക്കുള്ള കാറുകളുടെ എണ്ണം നിശ്ചയിച്ച എണ്ണത്തേക്കാള്‍ കുറവാകുന്നതും, അംഗീകൃത കാലാവധി തീര്‍ന്നശേഷവും വാഹനം നിരത്തിലിറക്കുന്നതും 5000 റിയാല്‍ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഡ്രൈവിങ് ലൈസന്‍സില്ലാത്തവരെ ജോലിക്ക് നിശ്ചയിക്കുന്നതിനും, യാത്ര തുടങ്ങുന്ന സമയത്ത് മീറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനും 3000 റിയാലാണ് പിഴയെന്നും പുതിയ പട്ടികയില്‍ വ്യക്തമാക്കുന്നു.

കാലാവധി തീര്‍ന്ന വര്‍ക്കിങ് കാര്‍ഡുമായി ജോലിയേര്‍പ്പെടുന്നതിനും, കാര്‍ഡ് കൈവശം സൂക്ഷിക്കാതിരിക്കുന്നതിനും 500 റിയാല്‍ പിഴയുണ്ട്. ഡ്രൈവര്‍ക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കിയിട്ടില്ലെങ്കില്‍ സ്ഥാപനത്തിന് മേല്‍ ചുമത്തുന്ന പിഴ 2000 റിയാലായിരിക്കും.