ദില്ലി: ഹരിയാന കോണ്‍ഗ്രസില്‍ പ്രതിസന്ധി കനക്കുന്നു. അശോക് തന്‍വര്‍ അപ്രതീക്ഷിതമായി പാര്‍ട്ടി വിട്ടതില്‍ സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജ പ്രതികരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എന്നത് ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ച പാര്‍ട്ടി അല്ലെന്ന് സെല്‍ജ വ്യക്തമാക്കി. കോണ്‍ഗ്രസ് എന്നത് പ്രത്യശാസ്ത്രത്തില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു കുടുംബമാണെന്നും സെല്‍ജ പറഞ്ഞു.

ഹരിയാനയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അശോക് തന്‍വര്‍ രാജിവെച്ചത്. നേരത്തെ എല്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. പാര്‍ട്ടി ഹൂഡ കോണ്‍ഗ്രസായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഭൂപീന്ദര്‍ ഹൂഡയുമായുള്ള പ്രശ്‌നങ്ങളാണ് തന്‍വറിന്റെ രാജിയിലേക്ക് നയിച്ചത്. നേരത്തെ തന്‍വറിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുകയും, ഹൂഡയെ പ്രചാരണ കമ്മിറ്റിയുടെ ചുമതലയില്‍ നിയമിക്കുകയും ചെയ്തിരുന്നു സോണിയാ ഗാന്ധി.

കോണ്‍ഗ്രസില്‍ ടിക്കറ്റുകള്‍ നല്‍കിയത് യോഗ്യതയ്ക്ക് അനുസരിച്ചാണ്. പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. തന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് സെല്‍ജ പറഞ്ഞു. അതേസമയം ഒരുപാട് കള്ളങ്ങള്‍ പറഞ്ഞ് രാഷ്ട്രീയം കളിക്കുകയാണ് ബിജെപി. ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം പോലും അവര്‍ നടപ്പാക്കിയിട്ടില്ലെന്നും സെല്‍ജ ആരോപിച്ചു.

സോണിയാ ഗാന്ധിക്ക് നാല് പേജുള്ള രാജിക്കത്ത് അയച്ചാണ് തന്‍വര്‍ രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അസ്ഥിത്വ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളല്ല, പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിനെ തകര്‍ക്കുകയെന്നും തന്‍വര്‍ രാജിക്കത്തില്‍ പറയുന്നു. പാര്‍ട്ടിക്കെതിരെയല്ല തന്റെ പോരാട്ടം, പക്ഷേ അത് പ്രവര്‍ത്തിക്കുന്ന വ്യവസ്ഥയ്‌ക്കെതിരെയാണെന്നും തന്‍വര്‍ പറഞ്ഞു.