കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട റോയിയുടെ ഭാര്യ ജോളി, ജോളിയുടെ ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ മാത്യു, സ്വര്ണപ്പണിക്കാരന് പ്രജുകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര റൂറല്‍ എസ്പി ഓഫീസില്‍വെച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന് മാത്യു കുറ്റം സമ്മതിച്ചു. ജോളിയുമായി സൗഹൃദമുണ്ടായിരുന്നുവെന്നും മാത്യു മൊഴിനല്‍കി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാത്യുവിനെയും പ്രജുകുമാറിനെയും അറസ്റ്റ് ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.
മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 16 വര്‍ഷം മുമ്ബാണ് അറസ്റ്റിന് കാരണമായ ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്.
റോയിയുടെ അമേരിക്കയിലുള്ള സഹോദരന് റോജോ നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന് പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന് റോയി തോമസ്, അന്നമ്മയുടെ സഹോദരന് മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന് പുലിക്കയത്തെ സ്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്ഫിന്(2) എന്നിവരാണ് മരിച്ചത്.