കോന്നി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അന്തിമവിധി അനുകൂലമല്ലെങ്കില്‍, നിയമനിര്‍മാണം നടത്താന്‍ കേന്ദ്രം പ്രതിജ്ഞബദ്ധമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആചാരസംരക്ഷണം ബിജെപിക്ക് കേവലം തിരഞ്ഞെടുപ്പ് വിഷയമല്ല. ശബരിമലയിലും, പിറവംപള്ളിയിലും ഇടതുസര്‍ക്കാരിന് രണ്ട് നിലപാടാണ് ഉള്ളതെന്ന് ജനം തിരിച്ചറിഞ്ഞു. കോന്നിയില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.

സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ ഇടതുസര്‍ക്കാരിന് ഇരട്ടത്താപ്പെന്ന്, കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. ‘സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിധിനടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകിയതെന്ത്? ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടിയ ധൃതി പിറവത്ത് കണ്ടില്ല. ശബരിമല ബിജെപിക്ക് കേവലം തിരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രിംകോടതിയുടെ അന്തിമവിധിക്കായി കാത്തിരിക്കുകയാണ്. വിധി അനുകൂലം അല്ലെങ്കില്‍ നിയമനിര്‍മാണം നടത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്.’ – അദ്ദേഹം പറഞ്ഞു.

എന്‍എസ്‌എസിനെ മാറ്റിനിര്‍ത്തി എന്ത്‌ നവോത്ഥാനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച മുരളീധരന്‍ കെ.സുരേന്ദ്രന്റെ ശബരിമല സമരത്തെ, മന്നത്ത് പദ്മനാഭന്റെ സാമൂഹ്യഇടപെടലുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.