തിരുവനന്തപുരം: വഴുതക്കാട് വ്യാപാര സ്ഥാപനത്തിന് തീപിടിച്ച സംഭവത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും ഇന്ന് കെട്ടിടത്തില്‍ പരിശോധന നടത്തി. വലിയ അപകടമാണ് ഒഴിവായതെന്ന് പ്രാഥമിക വിലയിരുത്തലിനു ശേഷം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് വഴുതക്കാട് കലാഭവന്‍ തീയേറ്ററിനോട് ചേര്‍ന്നുള്ള വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തമുണ്ടായത്. രാവിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും, ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക്, ലെതര്‍ ഉത്പന്നങ്ങളാണ് കത്തി നശിച്ചതില്‍ ഭൂരിഭാഗവും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇലക്‌ട്രിക്കല്‍ വിഭാഗത്തിന്റെ പരിശോധന കൂടി കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളു. കെട്ടിടത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നിട്ടും തീപടര്‍ന്നതിന്റെ കാരണം ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം അന്വേഷിച്ചു വരികയാണ്. ആറ് നില കെട്ടിടത്തിലെ രണ്ടു നിലകളിലാണ് തീപടര്‍ന്നത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. നാശനഷ്ടം കണക്കാക്കി വരികയാണ്.