കോഴിക്കോട്: കൂടത്തായി മരണപരമ്ബരയിലെ മുഖ്യപ്രതി ജോളി കസ്റ്റഡ‍ിയില്‍. ജോളിയുടെ മൊഴിയനുസരിച്ച്‌ ബന്ധു മാത്യുവിനെ കസ്റ്റഡിയിലെടുത്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്.

അതേസമയം, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് എത്തി. സ്വത്തുതര്‍ക്കമെന്നു ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കും. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഭാര്യയുടെ പങ്ക് എന്തെന്ന് അന്വേഷിക്കട്ടെ എന്നും ഷാജു പറഞ്ഞു. തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നുവെന്നും ഷാജു പറഞ്ഞു. ജോളിക്ക് പങ്കുണ്ടോ? എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്ന മറുപടിയാണ് ഷാജു നല്‍കിയത്. ഞാന്‍ അധ്യാപകനാണ്. തനിക്ക് കള്ളം പറയേണ്ട കാര്യമില്ലെന്നും ഷാജു പറഞ്ഞു.

എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയയും പറഞ്ഞു. ഫിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ പറഞ്ഞു. അമ്മയും അപ്പനുമൊക്കെ മരിച്ച കേസല്ലേ, പരാതി എന്തിന് വൈകിച്ചുവെന്നും സക്കറിയ ചോദിച്ചു.

ക്രൈംബ്രാഞ്ച് കസ്റ്റയിലുള്ള ജോളിയും ആദ്യ ഭര്‍ത്താവിന്റെ സഹോദരന്‍ റോജോയും തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് പരാതിക്ക് ഇടയാക്കിയതെന്നാണ് മറ്റൊരു ആരോപണം.