വാഷിംഗ്ടണ്‍; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഇറാന്‍ ഹാക്കര്‍മാര്‍ എത്തിയതായി റിപ്പോര്‍ട്ട്. ടെക് കമ്ബനി മൈക്രോസോഫ്റ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ ഗവണ്‍മെന്റുമായി ബന്ധമുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് സൂചന.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് കമ്ബനി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുന്നൂറിലേറെ പേരുടെ അക്കൗണ്ട് ഹാക്ക് ചെയ്തു. അവയില്‍ ചിലത് യുഎസ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ളവരുടെതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ട്രംപിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു. അതേസമയം ആരോപണങ്ങളെ കുറിച്ച്‌ ഇറാന്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.