ദുല്‍ഖറിന്റെ സിനിമാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മമ്മൂട്ടിയാണെന്ന് താരപുത്രന്‍ വന്ന കാലത്ത് ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ‘എന്റെ വിധി എന്റെ തീരുമാനങ്ങളാണെന്ന്’ പറഞ്ഞ ദുല്‍ഖര്‍ ആ കിംവദന്തികളെല്ലാം തെറ്റാണെന്ന് തെളിയിച്ചു. ഇപ്പോഴും ചിലരൊക്കെ കരുതുന്നുണ്ട് മമ്മൂട്ടിയാണ് ദുല്‍ഖറിന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എന്ന്.

എന്നാല്‍ ദുല്‍ഖറിന്റെ സിനിമാ കാര്യങ്ങളിലൊന്നും താന്‍ ഇടപെടാറില്ല എന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടി വ്യക്തമാക്കി. ദുല്‍ഖര്‍ സിനിമയില്‍ വരുന്നതിന് മുന്‍പേ ഞങ്ങള്‍ പൊതുവായി സിനിമകളെ കുറിച്ച്‌ സംസാരിക്കാറുണ്ട്. ഇപ്പോഴുമുണ്ട്. എന്നാല്‍ ദുല്‍ഖര്‍ ഏത് സിനിമ ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനല്ല- മമ്മൂട്ടി പറഞ്ഞു.

തന്റെ സിനിമകളെല്ലാം തിരഞ്ഞെടുക്കുന്നത് ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖറിന്റെ സിനിമാ കാരങ്ങളിലൊന്നും ഞാന്‍ ഇടപെടാറില്ല, ഒരു അച്ഛനെന്ന നിലയില്‍ പോലും മകന് സിനിമാ കാര്യത്തില്‍ ഉപദേശം നല്‍കാറില്ല എന്നും മമ്മൂട്ടി വ്യക്തമാക്കി. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി. ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്.