തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടുമന്‍കടവിലുള്ള ആശ്രമത്തില്‍ വാഹനം കത്തിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് മേധാവി കഴിഞ്ഞ ദിവസം ആശ്രമത്തിലെത്തി സന്ദീപാനന്ദ ഗിരിയുടെ മൊഴി രേഖപ്പെടുത്തി. പൂജപ്പുര പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ദിവസമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസില്‍ പ്രതികളെ പിടികൂടാത്തത് സംബന്ധിച്ച്‌ സ്വാമി സന്ദീപാനന്ദ ഗിരി ഡിജിപിക്ക് ഇ-മെയില്‍ വഴി പരാതി അയച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ അഗ്‌നിബാധയുണ്ടായത്. ആശ്രമത്തിന്റെ ഭാഗമായുള്ള കെട്ടിടവും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും കത്തിച്ചനിലയിലുമായിരുന്നു. ‘പി.കെ ഷിബുവിന് ആദരാഞ്ജലികള്‍’ എന്ന് രേഖപ്പെടുത്തിയ റീത്തും ആശ്രമത്തിന്റെ കവാടത്തില്‍നിന്ന് ലഭിച്ചിരുന്നു.

ഒരു വര്‍ഷമായി അന്വേഷണം നടന്നെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സന്ദീപാനന്ദ ഗിരി ഡിജിപിക്ക് പരാതി നല്‍കിയത്. ആശ്രമം ആക്രമിച്ചതുമായി ബന്ധപ്പെട്ട് വലിയവിള സ്വദേശിയായ ഒരാളെ സംശയമുള്ളതായും സന്ദീപാനന്ദ ഗിരി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് സ്വാമി സന്ദീപാനന്ദ ഗിരി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ആശ്രമത്തിനുനേരെ ആക്രമണമുണ്ടായത്.