കോട്ടയം : ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച്‌ പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. പാലാ സെന്‍റ് തോമസ് എച്ച്‌.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സനാണ് പരിക്കേറ്റത്.

അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണവിഭാഗത്തിലാണ് അഫീലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അതേസമയം സംഘാടനത്തിലെ പിഴവാണ് അപകടത്തിന് കാരണമായതെന്ന ആരോപണം ശക്തമാണ്.

ഒരേസമയം അടുത്തടുത്തായി രണ്ട് ത്രോ ഇനങ്ങള്‍ സംഘടിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മത്സരം നടന്നുകൊണ്ടിരിക്കുമ്ബോള്‍ തന്നെ തൊട്ടടുത്ത് അണ്ടര്‍-18 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ മത്സരവും നടന്നു. രണ്ട് ഇനങ്ങളുടെയും ഫീല്‍ഡ്(ത്രോ പതിക്കുന്ന സ്ഥലം) അടുത്തടുത്തായിരുന്നു. ഒന്നിട വിട്ടായിരുന്നു ജാവലിനും ഹാമറും നടന്നത്.

ഇത് രണ്ടു ഫീല്‍ഡില്‍നിന്ന് തിരികെ നല്‍കുന്ന ജോലിയിലായിരുന്നു വോളണ്ടിയര്‍ ആയിരുന്ന അഫീലും കൂട്ടരും. ഫീല്‍ഡിലെ ജാവലിന്‍ എടുക്കുന്നതിനിടെയാണ് അഫീലിന്‍റെ തലയില്‍ ഹാമര്‍ പതിച്ചത്. ഇത് രണ്ടും ഒരേസമയം നടത്തിയതാണ് അപകടകാരണമായത്. സംഘാടകരുടെ ശ്രദ്ധക്കുറവും അപകടത്തിന് ഇടയാക്കിയെന്നാണ് ആരോപണം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂന്നു കിലോയോളം ഭാരമുള്ള ഹാമര്‍ അഫീലിന്‍റെ തലയില്‍ പതിച്ചത്. ജാവലിന്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹാമര്‍ വരുന്നത് കണ്ട് തൊട്ടടുത്ത് നിന്നവര്‍ അലറി വിളിച്ചെങ്കിലും അഫീലിന് മാറാന്‍ സാധിച്ചില്ല. കുനിഞ്ഞിരുന്ന അഫീലിന്‍റെ തലയുടെ ഇടതുഭാഗത്ത് നെറ്റിയിലായാണ് ഹാമര്‍ പതിച്ചത്. ഉടന്‍തന്നെ അഫീലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇരുമ്ബ് കമ്ബിയില്‍ കൊളുത്തിയ ലോഹഗോളം ഒരു വട്ടത്തിനുള്ളില്‍നിന്ന് ചുഴറ്റി എറിയുന്ന കായികയിനമാണ് ഹാമര്‍ത്രോ. സീനിയര്‍ വിഭാഗം മത്സരങ്ങള്‍ക്ക് ഏഴ് മുതല്‍ നാല് കിലോ ഭാരമുള്ള ഹാമറാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ പാലായില്‍ അപകടമുണ്ടായത് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിനിടയ്ക്കായിരുന്നു. ഇവിടെ മൂന്നു കിലോ ഭാരമുള്ള ഹാമറാണ് ഉപയോഗിച്ചത്. 40 മീറ്ററോളം ഉയരത്തില്‍നിന്നാണ് ഹാമര്‍ പറന്നുവന്ന് അഫീലിന്‍റെ തലയില്‍ പതിച്ചത്.