മുക്കം: കൂടത്തായി സംഭവത്തില്‍ ആറു പേരുടെയും മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും കൊലപാതകം നടത്തിയത് ബന്ധുവായ യുവതിയാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ ഒമ്ബതു മണിയോടെ രണ്ടു വനിതാപോലീസ് അടക്കം അഞ്ചംഗ പോലീസ് വീട്ടിലെത്തി ഭര്‍ത്താവ് ഷാജിയുമായി സംസാരിച്ച ശേഷം ജോളിയെ കൊണ്ടു പോകുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍.

സയനൈഡ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ചും ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ച ആളെക്കുറിച്ചും വിവരം കിട്ടിയിട്ടുണ്ടെങ്കിലൂം കേസ് ഇത്ര വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ മാപ്പുസാക്ഷിയാക്കിയേക്കുമെന്നുമാണ് വിവരം. എല്ലാ മരണങ്ങള്‍ നടക്കുമ്ബോഴും ജോളിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതാണ് പോലീസ് ശ്രദ്ധിച്ച പ്രധാന കാര്യം. എല്ലാവരുടേയും മരണം വിഷം ഉള്ളില്‍ ചെന്നായിരുന്നെന്ന് കണ്ടെത്തുകയും കൊല്ലപ്പെട്ടവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ ജോളി വ്യാജരേഖ ചമയ്ക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോളിയെ സംശയിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇന്നലെ രാത്രിയാണ് താനാണ് ആറു പേരെയും കൊലപ്പെടുത്തിയതെന്ന് ജോളി പോലീസിന് മൊഴി നല്‍കിയത്്. ജോളി നേരത്തേ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തിരുന്നതായി വിവരമുണ്ട്. മരണമടഞ്ഞ റോയിയുടെ അനുജന്‍ റോജോയുടെ സംശയമാണ് കൊലപാതകം ചുരുളഴിയുന്നതിലേക്ക് നീങ്ങിയത്.

അമേരിക്കയില്‍ താമസിച്ചിരുന്ന റോജോ അടുത്തിടെ നാട്ടിലെത്തുകയും താമരശ്ശേരി പോലീസില്‍ വിവരാവകാശ രേഖ പ്രകാരം വിവരങ്ങള്‍ തേടുകയൂം ചെയ്തിരുന്നു. പിന്നീട് റൂറല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ആദ്യം ഒരു സ്വത്തു തര്‍ക്കം എന്ന രീതിയില്‍ അന്വേഷിച്ച പോലീസ് പിന്നീട് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴായിരുന്നു സമാനമായ രീതിയിലുള്ള മരണങ്ങള്‍ സംശയാസ്പദ സാഹചര്യം ഉണ്ടെന്ന് മനസ്സിലാക്കിയത്. മരണമടഞ്ഞ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജു സ്‌കറിയയുടെ ഭാര്യയും കുഞ്ഞും മരിക്കുകയും പിന്നീട് ജോളിയും ഷാജുവും വിവാഹിതരാകുകയും ചെയ്യുകയുമായിരുന്നു. 2016 ല്‍ റോയി മരണമടഞ്ഞതിന് ശേഷം 2017 ലായിരുന്നു ഷാജുവും ജോളിയൂം വിവാഹിതരായത്.

പ്രദേശത്തെങ്ങുമില്ലാത്ത ആള്‍ക്കാരായിരുന്നു ഒസ്യത്തില്‍ സാക്ഷികളായത്. റോയി മരിച്ചതിന് പിന്നാലെ പിതൃസഹോദര പുത്രന്‍ ഷാജുവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കി ഭൂമി തട്ടിയെടുത്തത്. ഈ സ്ഥലത്തില്‍ കുറേ ഭാഗം വിറ്റത് തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇത് ആസൂത്രിത കൊലപാതകം എന്ന നിലയില്‍േക്ക് കാര്യങ്ങളെ എത്തിച്ചത്. തന്റെ സൈ്വര്യജീവിതത്തിന് തടസ്സമായ എല്ലാവരേയും തന്നെ സംശയിച്ച എല്ലാവരേയും ജോളി പലപ്പോഴായി ഗൂഡമായി കൊലപ്പെടുത്തുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധം പല വര്‍ഷങ്ങളിലായിട്ടായിരുന്നു കൊലപാതകം.