കൂണ്‍ വെജിറ്റേറിയനിടയിലെ നോണ്‍ വെജിറ്റേറിയനാണെന്നു പറയാം. ഇറച്ചിയിലെ ഗുണങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, വേണ്ട രീതിയില്‍ വച്ചാല്‍ ഇറച്ചിയുടെ അല്‍പം രുചിയും തോന്നും.

കൂണ്‍ പല തരത്തിലും കറി വയ്ക്കാം. വറുത്തരച്ച കൂണ്‍ കറി മലയാളികള്‍ക്കു പ്രത്യേകിച്ചും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ആവശ്യമായ സാധനങ്ങള്‍

കൂണ്‍-250 ഗ്രാം
തേങ്ങ ചിരകിയത്-അര മുറി
ഉണക്കമുളക്-2
വെളുത്തുള്ളി-2 അല്ലി
ചെറിയുള്ളി-2
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കടുക് കറിവേപ്പില വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. വൃത്തിയാക്കി കഷ്ണങ്ങളാക്കിയ കൂണ്‍ ഇതിലേയ്ക്കിട്ട് ഇളക്കുക. മറ്റൊരു പാനില്‍ തേങ്ങ, കറിവേപ്പില, വെളുത്തുള്ളി, ഉള്ളി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് ചുവക്കനെ വറുക്കണം. ഇത് ചൂടാറുമ്പോള്‍ വെള്ളം ചേര്‍ത്ത് മയത്തില്‍ അരയ്ക്കണം. ഈ അരപ്പ് കൂണില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കാം