ഡാളസ്സ്: ഡ്യൂട്ടി കഴിഞ്ഞ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ വനിതാ പോലീസ് ഓഫീസര്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റ്ാണെന്ന് തെറ്റിദ്ധരിച്ച്‌ മറ്റൊരു മുറിയില്‍ കയറി അവിടെ താമസിച്ചിരുന്ന ബോത്തം ജോണ്‍ (26) എന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ പ്രതി ആംബര്‍ ഗൈഗറിനെ പത്ത് വര്‍ഷത്തേക്ക് ജയിലിലടക്കുന്നതിന് ഡാളസ്സ് കോടതി ഒക്ടോബര്‍ 2 ന് ഉത്തരവിട്ട സംഭവത്തെ തുടര്‍ന്ന് ഇവരെ ഫോഴ്‌സില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ആരോ അതിക്രമിച്ചു കയറിയെന്നതായിരുന്നു ഓഫീസര്‍ കരുതിയത്. ഉടനെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചു അവിടെയുണ്ടായിരുന്ന യുവാവിന് നേരെ നിറയൊഴിക്കുകയായിരുന്നു.

2018 സെപ്റ്റംബറില്‍ ഡാളസ്സിലെ സൗത്ത് സൈഡ് അപ്പാര്‍ട്ട്‌മെന്റിലായിരുന്ന സംഭവം.

കരീബിയന്‍ ഐലന്റില്‍ നിന്നുള്ള ബോത്തം ജോണ്‍ അകൗണ്ടന്റായി ഡാളസ്സില്‍ ജോലി ചെയ്തു വരികയായിരുന്നു. ബോത്തമിനെ കുറിച്ചു കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വളരെ നല്ല അഭിപ്രായമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഡാളസ്സിലെ വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസ്സിന്റെ വിചാരണ ഒക്ടോബര്‍ 1നാണ് അവസാനിച്ചത്. ഇന്നലെ ഇവര്‍ കൊലപാതക കുറ്റം ചെയ്തതായി ജൂറി കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ 2നാണ് ജൂറി ഐക്യകണ്‌ഠേനെ വിധി പ്രഖ്യാപിച്ചത്. 5- 99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നാല്‍ ജൂറി 10 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ശിക്ഷ കുറഞ്ഞുപോയി എന്ന് ആരോപിച്ച്‌ ബോത്തമിന്റെ കുടുംബാംഗങ്ങള്‍ കോടതിക്ക് പുറത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തി.