വാഷിങ്‍ടണ്‍∙ ചൈനയ്ക്കു വെല്ലുവിളിയുമായി അമേരിക്കയുടെ പുതിയ നേവല്‍ സ്ട്രൈക്ക് മിസൈലുകള്‍. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡില്‍ 15,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ചൈന പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പസഫിക് സമുദ്രത്തില്‍ യുഎസ് നാവികസേനയുടെ മിസൈല്‍ പരീക്ഷണം.
പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപ് പ്രദേശത്താണ് യുഎസ് വ്യോമസേന തങ്ങളുടെ പുതിയ നേവല്‍ സ്ട്രൈക്ക് മിസൈലുകളുടെ പരീക്ഷണം നടത്തിയത്. യുഎസ്‌എസ് ഗബ്രിയല്‍ ഗിഫോര്‍ഡ്സ് യുദ്ധകപ്പലില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തത്. റഡാര്‍ കണ്ണുകളെപ്പോലും വെട്ടിച്ച് ശരവേഗത്തില്‍ തെന്നിപ്പായുന്ന നേവല്‍ സ്ട്രൈക്ക് മിസൈലുകള്‍ക്ക് ശത്രുക്കളുടെ പ്രതിരോധം ഒഴിവാക്കാനുള്ള കഴിവും ഉണ്ടെന്നാണ് യുഎസ് പറയുന്നത്.
100 മൈലില്‍ കൂടുതല്‍ ദൂരപരിധിയുള്ള എന്‍എസ്‌എം മിസൈലുകള്‍ക്ക് യുഎസ് നാവികസേനയുടെ പക്കലുള്ള മറ്റു മിസൈലുകളേക്കാള്‍ പ്രഹരശേഷി കൂടുതലാണ്.
ലോകത്ത് ചൈനയ്ക്കുള്ള സ്ഥാനം ആര്‍ക്കും ഇളക്കാനാവില്ലെന്നുള്ള മുന്നറിയിപ്പായിരുന്നു എഴുപതാം എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ചൈന നടത്തിയ മിസൈല്‍ പ്രദര്‍ശനം. പസഫിക്കിന്റെ ചില ഭാഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇപ്പോള്‍ തന്നെ നിരവധി കപ്പലുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ വിന്യസിച്ചിട്ടുമുണ്ട്. ഡിഎഫ് 41 എന്ന പേരില്‍ പുറത്തിറക്കിയ മിസൈലിന് അരമണിക്കൂര്‍ കൊണ്ട് അമേരിക്കയിലെത്തി കനത്ത നാശം വിതയ്ക്കാനാകുമെന്നാണു വിലയിരുത്തല്‍. ഒരേ സമയം പത്തു പോര്‍മുനകള്‍ ഒന്നിച്ചു വഹിക്കാന്‍ ശേഷിയുള്ള ഡിഎഫ് 41 ലോകത്തെ ഏറ്റവും പ്രഹര ശേഷി കൂടിയ മിസൈലുകളില്‍ ഒന്നാണെന്നും ചൈന ലോകത്തിനു ‘മുന്നറിയിപ്പ്’ നല്‍കിയിരുന്നു.