ന്യൂഡല്‍ഹി: ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമിലെ വ്യോമസേനയുടെ ഹെലികോപറ്റര്‍ തകര്‍ന്ന് വീണത് ഇന്ത്യന്‍ സൈന്യത്തിന്റെ തന്നെ മിസൈല്‍ പ്രയോഗത്തിലെന്ന് കുറ്റസമ്മതം. അന്ന് ഹോലികോപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് അബദ്ധത്തിലെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വലിയ തെറ്റ് എന്നാണ് അദ്ദേഹം സംഭവത്തെ കുറിച്ച് പറഞ്ഞത്. വിഷയത്തില്‍ രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനുമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ ഇന്ത്യ-പാക് വ്യോമസേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ മിസൈല്‍ ആക്രമണത്തില്‍ വീണത്.
പാകിസ്താനില്‍ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മിസൈല്‍ പതിച്ച ശേഷം രണ്ടായി പിളര്‍ന്നാണ് ഹെലികോപ്റ്റര്‍ താഴെ വീണത്. തീഗോളമായി അത് താഴേക്ക് പതിക്കുന്നതും തൊട്ടുപിന്നാലെ ഗ്രാമീണര്‍ തടിച്ചു കൂടുന്നതുമുള്‍പ്പെട്ട ദൃശ്യങ്ങള്‍ വ്യോമസേനക്ക് ലഭിച്ചിരുന്നു.
ഈ സംഭവം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവെന്ന് അംഗീകരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് നേരത്തേ പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായത്. നമ്മള്‍ തൊടുത്ത മിസൈല്‍ തന്നെയാണ് എംഐ17 വി2 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ തകര്‍ത്തത് എന്ന് വ്യക്തമായെന്നും എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ് പറഞ്ഞു. ഉത്തരവാദിയായവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനഗര്‍ വ്യോമസേനാ താവളത്തിലെ സ്പൈഡര്‍ എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നും തൊടുത്തുവിട്ട മിസൈലാണ് ഹെലികോപ്റ്ററിനെ തകര്‍ത്തിട്ടത്. ബലാകോട്ടിലെ ഭീകര ക്യാമ്ബുകളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത്.