ഡാളസ്. ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ പതിനൊന്നാമത് ദേശീയ ദ്വൈവാര്‍ഷിക സമ്മേളനത്തിന്  വേദിയാകുവാന്‍ ഡാളസ്സിലെ ‘ഡി. വിനയചന്ദ്രന്‍ നഗര്‍’ (MTC ആഡിറ്റോറിയം ) ഒരുങ്ങിക്കഴിഞ്ഞു. കാനഡയില്‍ നിന്നും  നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന എല്ലാ സാഹിത്യപ്രവര്‍ത്തകരെയും ഭാഷാസ്‌നേഹികളെയും
സ്വീകരിക്കുവാനും അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിലും  ഡാളസ്സിലെ ലാന പ്രവര്‍ത്തകര്‍ക്കൊപ്പം ഡബിള്‍ ട്രീ ഹോട്ടല്‍  മാനേജ്‌മെന്റും തോളോട് തോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്.

ലാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാ പ്രതിനിധികളെയും കൃത്യസമയത്തു തന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്കും സമ്മേളനാനന്തരം തിരിച്ചു എയര്‍പോര്‍ട്ടില്‍ എത്തിക്കുവാനും ഹോട്ടല്‍ അധികൃതരും ലാനയുടെ ഭാരവാഹികളും ബദ്ധശ്രദ്ധരായിരിക്കും.

ലാന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നവംബര് 2, ശനിയാഴ്ച വൈകിട്ട് 6 മാണി മുതല്‍ ആരംഭിക്കുന്ന കേരള പിറവി ആഘോഷങ്ങള്‍  ലാന സമ്മേളനത്തിന് കേരളീയ കലാപാരമ്പര്യത്തിന്റെ നിറച്ചാര്‍ത്തു പകരും. ഡാളസ്സിലെ പ്രഗത്ഭരായ സംഗീത നൃത്ത പ്രതിഭകളോടൊപ്പം , ലാസ്യ നടനത്തിന്റെ ചാരുതയാര്‍ന്ന നൃത്തച്ചുവടുകളുമായി കാലിഫോര്‍ണിയയില്‍ നിന്നും ആരതി വാരിയര്‍ എന്ന പ്രശസ്ത നര്‍ത്തകിയും  ലാനയുടെ നൃത്തവേദിയില്‍ ചുവടു വയ്ക്കും.

ശ്രോതാക്കളെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിക്കുവാന്‍, ലാനയുടെ പ്രിയ ഗായകന്‍ ഹരിദാസ് തങ്കപ്പനും സംഘവും ‘സ്വരലയ’ സംഗീതവുമായി തയ്യാറെടുക്കുന്നു. ഓട്ടന്‍തുള്ളല്‍, മാര്‍ഗം കളി , ഒപ്പന തുടങ്ങി കേരളീയ നൃത്ത കലകളുടെ ഒരു ജൈത്രയാത്ര തന്നെ  ഈ വര്‍ഷത്തെ കേരള പിറവി ആഘോഷങ്ങള്‍ക്ക് നിറവും, ലയവും പകരും . ലാന പ്രവര്‍ത്തകരോടൊപ്പം  സമ്പന്നമായ ഈ കലാസന്ധ്യയില്‍  പങ്കുചേരുവാന്‍ ഡാളസ്സിലെ സഹൃദയരായ ഏവരെയും സ്വാഗതം ചെയ്യുന്നു.

കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി, മുന്കാലങ്ങളിലെപ്പോലെ ഈ വര്‍ഷവും ‘ മലയാളി മങ്ക’യെ തിരഞ്ഞെടുക്കുന്നതായി ലാനയുടെ ഭാരവാഹികള്‍  അറിയിച്ചു. മലയാളി  മങ്കയായി തിരഞ്ഞെടുക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തിന്റെ തനിമയും ശാലീനതയും ഒത്തുചേര്‍ന്ന, കേരളത്തിന്റെ  തനതു വേഷവിധാനവുമായി നവംബര് 2 നു കൃത്യം ആറു മണിക്ക് തന്നെ സമ്മേളനവേദിയില്‍ എത്തിച്ചേരുവാന്‍ താത്പര്യപ്പെടുന്നു. ശ്രീമതി. പ്രേമ ആന്റണി  (കാലിഫോര്‍ണിയ) ആയിരിക്കും ‘മലയാളി  മങ്ക ‘ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല വഹിക്കുന്നത്.

പ്രശസ്ത സിനിമ നടനും നിര്‍മാതാവുമായ ശ്രീ. തമ്പി ആന്റണിയുടെ ഭാര്യയായ പ്രേമ ആന്റണി  , നോര്‍ത്ത് അമേരിക്കയില്‍  അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയും , ആതുര സേവനം ജീവിത വൃതമായി കരുതുന്ന മനുഷ്യ സ്‌നേഹിയും, കരുത്തുറ്റ  വനിതാ സംരഭകയുമാണ്.

തമ്പി ആന്റണിയുടെയും പ്രേമയുടെയും സാന്നിധ്യം ഈ വര്‍ഷത്തെ ‘മലയാളി മങ്ക’ തിരഞ്ഞെടുപ്പിന് ഒരു താര പ്രഭ പകരും എന്നതില്‍ തര്‍ക്കമില്ല.