ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി സ്വച്ഛ് പാനി അഭിയാന്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

2024-ഓടെ എല്ലാവര്‍ക്കും ശുദ്ധജലം പൈപ്പ്‌ലൈന്‍ വഴിയെത്തിക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വച്ഛ് പാനി അഭിയാന്‍ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അറിയിച്ചു.

ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നമാണ് ശുദ്ധമായ ജലമെന്ന് പദ്ധതിയെ വിശദീകരിച്ച് മന്ത്രി പറഞ്ഞു. പരീക്ഷണ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലാണ് സ്വച്ഛ് പാനി അഭിയാന്‍ പദ്ധതി ആദ്യം തുടങ്ങുക. ഇതിന്റെ ഭാഗമായി 11 കേന്ദ്രങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ചു പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിദ് കെജരിവാളുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.