സംസ്ഥാനത്തെ റോഡുകൾ ആറുവരിപ്പാതയാക്കാൻ കേന്ദ്രസഹായം. ദേശീയപാത 66നെ ബന്ധിപ്പിക്കുന്ന പതിമൂന്ന് റോഡുകൾക്കാണ് ദേശിയപാതാ വികസന അതോറിറ്റി അനുമതി നൽകിയത്. 526 കിലോമീറ്റർ റോഡാണ് ആറുവരിപ്പാതയാക്കുക. കേരളത്തിലെ ദേശീയ പാതാ വികസനത്തില്‍ നടപടികള്‍ വൈകുന്നതില്‍ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശാസിച്ചിരുന്നു. ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പു നല്‍കിയതിനെത്തുടർന്നാണ് നടപടികൾ ഊർജ്ജിതമായത്.

ഒപ്പം എൻ. എച്ച്. 66 വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവും കേന്ദ്ര ജോയിന്റ് സെക്രട്ടറി അമിത് ഘോഷുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.