നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ കൂട്ടത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ മൂന്ന് മുന്നണികള്‍ക്കും ഒരു പോലെ പ്രതീക്ഷയുണ്ട്. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്ത് പോയെങ്കിലും ഇക്കുറി ജനകീയനായ മേയറെ സിപിഎം കളത്തിലിറക്കിയതോടെ മത്സരഫലം പ്രവചനാതീതമായിരിക്കുകയാണ്.

മണ്ഡലത്തില്‍ പ്രചരണവുമായി കളം നിറഞ്ഞ് നില്‍ക്കുന്നത് വികെ പ്രശാന്ത് തന്നെയാണ്. കുമ്മനത്തെ മാറ്റി എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തിയുളള ആര്‍എസ്എസ് പ്രചാരണ രംഗത്ത് സജീവമല്ല. പ്രമുഖ നേതാക്കളാരും എത്താതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണവും തണുത്ത മട്ടിലാണ്.

തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കെ മോഹന്‍ കുമാറിനെ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ആ തീരുമാനത്തില്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് വട്ടിയൂര്‍ക്കാവില്‍ മോഹന്‍ കുമാറിന്റെ പ്രചാരണ രംഗത്ത് പ്രതിഫലിക്കുന്നുമുണ്ട്. വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരന്റെ താല്‍പര്യത്തിന് വിരുദ്ധമായാണ് കെ മോഹന്‍കുമാറിനെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കിയത്.

മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പിന് വേണ്ടി അവസാന നിമിഷം വരെ കെ മുരളീധരന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. പീതാംബരക്കുറുപ്പിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരും എതിര്‍പ്പുയര്‍ത്തുകയായിരുന്നു. കെ മുരളീധരനെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും അത്ര പന്തിയല്ല കോണ്‍ഗ്രസിനുളളില്‍. പ്രചാരണ രംഗത്ത് നേതാക്കള്‍ സജീവമല്ല എന്ന പരാതി സ്ഥാനാര്‍ത്ഥി തന്നെ ഉന്നയിച്ചിരിക്കുകയാണ്.

കെ മുരളീധരന് വലിയ സ്വാധീനമുളള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011ലേയും 2016ലേയും തിരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവ് നിയമസഭയിലേക്ക് ജയിപ്പിച്ച് വിട്ടത് മുരളിയെ ആണ്. മുരളീധരന്‍ ഇതുവരെ വട്ടിയൂര്‍ക്കാവില്‍ മോഹന്‍ കുമാറിന്റെ പ്രചരണത്തിന് വേണ്ടി ഇറങ്ങിയിട്ടില്ല. മാത്രമല്ല തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ അടക്കമുളള നേതാക്കളും വട്ടിയൂര്‍ക്കാവില്‍ പ്രചാരണ രംഗത്ത് ഇറങ്ങിയിട്ടില്ല.

നേതാക്കളുടെ അസാന്നിധ്യത്തെ കുറിച്ചുളള അതൃപ്തി കെ മോഹന്‍ കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തരൂര്‍ അടക്കമുളള നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കെ മോഹന്‍ കുമാര്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും പണമെറിഞ്ഞാണ് വന്‍ പ്രചാരണം നടത്തുന്നത് എന്നും അതിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും കെ മോഹന്‍ കുമാര്‍ പറഞ്ഞു. വികെ പ്രശാന്ത് പ്രചാരണത്തില്‍ കുതിച്ച് മുന്നേറുമ്പോള്‍ മോഹന്‍ കുമാറിനെ പോലെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷും ഏറെ പിന്നിലാണ്. ആര്‍എസ്എസിന്റെ അതൃപ്തിയാണ് എസ് സുരേഷിന് തലവേദനയായിരിക്കുന്നത്. ആര്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ കുമ്മനത്തിന് വേണ്ടി കാടിളക്കി പ്രചാരണം നടത്തിയതാണ്. എന്നാല്‍ സുരേഷിന് വേണ്ടി ആര്‍എസ്എസുകാര്‍ പ്രചാരണ രംഗത്ത് ഇറങ്ങുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സര രംഗത്ത് ഇറങ്ങണം എന്നായിരുന്നു പൊതുവികാരം. എന്നാല്‍ ബിജെപിക്കുളളിലെ ഗ്രൂപ്പ് കളികളുടെ ഭാഗമായി കുമ്മനം തഴയപ്പെടുകയായിരുന്നു. മത്സരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന കുമ്മനത്തെ അവസാന നിമിഷം അപമാനിച്ച് വിട്ടതില്‍ ആര്‍എസ്എസ് നേതൃത്വം അമര്‍ഷത്തിലാണ്. അതേസമയം വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടമുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.