ദുരൂഹ സാഹചര്യത്തില്‍ കൂടത്തായിയില്‍ ഒരുകുടുംബത്തിലെ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കേസ് വീണ്ടും വഴിത്തിരിവിലേക്ക്. ഇന്ന് കല്ലറ തുറന്ന് വീണ്ടും മൃതദേഹങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. ജില്ലാ ഭരണകൂടം ഇതിനുള്ള അനുമതി നല്കി.
വെള്ളിയാഴ്ച ഇതിനുള്ള നടപടി സ്വീകരിച്ച് ഫോറന്‍സിക് പരിശോധന നടത്തും. മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്തത് കൂടത്തായി ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയിലെ കല്ലറയാണ് ആദ്യം പരിശോധിക്കുക. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പള്ളി അധികൃതര്‍ക്കും ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
റൂറൽ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെമിത്തേരിയിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയശേഷമേ, രാവിലെ മൃതദേഹങ്ങൾ പുറത്തെടുക്കുകയുള്ളു. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ മൃതദേഹം പരിശോധിക്കും. ദ്രവിക്കാത്ത പല്ല്, അസ്ഥി എന്നിവയാണ് പരിശോധിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയെയാണ് കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. 2002ലും തുടർന്ന് ഏതാനും വർഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങൾ ആസൂത്രിത കൊലപാതകമാണെന്ന പരാതിയെത്തുടർന്നാണു മൃതദേഹങ്ങൾ കോടതി അനുമതിയോടെ പുറത്തെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
സംശയിക്കപ്പെടുന്ന യുവതിക്ക് സംഭവവുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് സാഹചര്യതെളിവുകൾക്കു പുറമേ ശാസ്ത്രീയ തെളിവുകൾകൂടി ശേഖരിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി യുവതിയുടെ ബ്രെയിൻമാപ്പിംഗ് പരിശോധിക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്കായി അനുവാദം ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടർന്നാണ് മറ്റു ശാസ്ത്രീയ പരിശോധനയ്ക്കുള്ള നടപടികൾ സ്വീകരിക്കുന്നത്.
മരിച്ചവരുടെ സ്വത്തുകൾ തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കിയതിനെത്തുടർന്നാണ് യുവതിക്ക് ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് ആദ്യമെത്തിയത്. മരിച്ച ടോം തോമസ്-അന്നമ്മ ദന്പതികളുടെ മകൻ അമേരിക്കയിൽ ജോലിയുള്ള റോജോയാണ് പോലീസിൽ ആദ്യം പരാതി നൽകിയത്. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം റോജോയുടെ എറണാകുളത്തുള്ള സഹോദരിയെ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സംശയത്തിലുള്ള യുവതിയെ ടോം തോമസിന്റെ ഉറ്റബന്ധുവായ ഒരാൾ സഹായിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍വിളികളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഒട്ടേറെ വിവരങ്ങൾ ഇതിൽനിന്നു ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പല ബിസിനസുകാരുമായും ഫോണിൽ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചതായി അറിയുന്നു. ടോം തോമസിന്റെ മകൻ റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതാനും സുപ്രധാന തെളിവുകൾ ക്രൈംബ്രാഞ്ചിനു കിട്ടിയതായും വിവരമുണ്ട്.
വിദ്യാഭ്യാസവകുപ്പ് റിട്ട.ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട.അധ്യാപിക അന്നമ്മ, മകൻ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരപുത്രനും അധ്യാപകനുമായ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആൻഫൈൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ പലപ്പോഴായി മരിച്ചത്. 2002 ഓഗസ്റ്റ് 22 നാണ് കേസിനാസ്പദമായ ആദ്യ മരണം. ആട്ടിൻസൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്.
കണ്ണൂര്‍ പിണറായി മോഡല്‍ കൊലപാതകമാണോ ഇതെന്നാണ് ഉയരുന്ന സംശയം. പിണറായിയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ സൗമ്യയെ അറസ്റ്റ് ചെയ്തതോടെയാണ് കൂടത്തായിയിയിലെ മരണങ്ങളും കൊലപാതകമാണോ എന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്നു ബന്ധുക്കള്‍ പൊലിസിനെ സമീപിക്കുകയായിരുന്നു.