ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്ന് കശ്മീര്‍ ഗവ‍ര്‍ണര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി നേതാക്കളെ തടങ്കലിലാക്കിയിട്ട് 60 ദിവസം പിന്നിടുമ്ബോഴാണ് മോചനത്തിന് വഴിതുറക്കുന്നത്. വ്യക്തികളെ വിശകലനം ചെയ്ത ശേഷം ഓരോരുത്തരെയായി മോചിപ്പിക്കുമെന്നാണ് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ഉപദേശകന്‍ ഫറൂഖ് ഖാനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മുവിനെ രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചതിന് ശേഷം കശ്മീര്‍ പ്രദേശത്തെ നേതാക്കളെ മോചിപ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും മോചിപ്പിച്ചിട്ടില്ല.

ബുധനാഴ്ച ജമ്മു റീജിയണിലെ 12ഓളം പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇതോടെ താഴ്വരയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവിക രീതിയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളാണുള്ളത്. കശ്മീരില്‍ ആദ്യത്തെ ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ നേതാക്കളുടെ മോചനം. ഒക്ടോബര്‍ 24നാണ് തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ചയാണ് ബ്ലോക്ക് ഡലവപ്പ്മെന്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറക്കിയത്. ജമ്മു കശ്മീരിലെ 310 ബ്ലോക്കുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ് പ്രവിശ്യാ പ്രസിഡന്റും മുന്‍ കശ്മീര്‍ മന്ത്രിയുമായിരുന്ന ദേവേന്ദര്‍ റാണ, ചെറിയ സഹോദരന്‍ ഡോ. ജിതേന്ദ്ര സിംഗ് എന്നിവരെ മോചിപ്പിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ എവിടേക്കും പോകാമെന്നും നിയന്ത്രണങ്ങള്‍ നീക്കിയെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ മന്ത്രിയായ സജ്ജാദ് കിച്ച്‌ലൂവിനെയും സര്‍ക്കാര്‍ മോചിപ്പിച്ചിട്ടുണ്ട്. ഇതോടെ വീടുകള്‍ക്ക് മുമ്ബില്‍ വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.