തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് ഷാനിമോള്‍ ഉസ്മാനെതിരായ കേസുമായി മുന്നോട്ട് പോകരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസപ്പെടുത്തിയെന്ന് ആരോപിച്ച്‌ പി.ഡബ്ല്യു.ഡി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ പരാതിയില്‍ അരൂര്‍ പോലീസാണ് കേസെടുത്തത്.സെപ്റ്റംബര്‍ 27-ന് രാത്രി 11 മണിക്ക് അരൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാനും അമ്ബതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണി തടസപ്പെടുത്തിയെന്നാണ് പരാതി. ജോലിക്കാരെ തടയുകയും റോഡിലെ പണികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തടസമുണ്ടാക്കുകയും ചെയ്തെന്നാണ് പരാതി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബുതന്നെ റോഡ് പണി തുടങ്ങിയതാണെന്ന് പിഡബ്‌ള്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ പരാതിയില്‍ വിശദമാക്കിയിരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടം ബാധകമല്ലെങ്കിലും ഷാനിമോള്‍ അടക്കമുള്ളവര്‍ തടസം സൃഷ്ടിച്ചു എന്നാണ് പരാതി. എന്നാല്‍, തന്റെ വകുപ്പുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ട് പോകേണ്ട എന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു മന്ത്രി ജി.സുധാകരന്‍.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകാന്‍ പാടില്ല. ഷാനിമോള്‍ ഉസ്മാന്‍ അരൂര്‍ മണ്ഡലത്തില്‍ പ്രസക്തയല്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തുടര്‍ന്നുവന്ന റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ ഷാനിമോളും സംഘവും തടസപ്പെടുത്തിയത് ശരിയായില്ല.എക്‌സിക്യുട്ടീവ് എഞ്ചിനീയറെ അപമാനിച്ചെന്ന് തനിക്ക് അറിയുകയും ചെയ്യാം. എന്നാല്‍, ഇപ്പോള്‍ കേസുമായി മുന്നോട്ട് പോകേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.