കൊച്ചി: പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മീഡിയ സെല്‍ ചെയര്‍മാന്‍ മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പേരില്‍ പുറത്തിറങ്ങിയ വാര്‍ത്താകുറിപ്പ് വ്യാജമാണെന്ന് മെത്രാപ്പോലീത്ത അറിയിച്ചു. വാര്‍ത്താകുറിപ്പ് വ്യാജമാണെന്നും വിശ്വാസികള്‍ തള്ളിക്കളയണമെന്നും ജെസിഎസ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായിലെ അംഗങ്ങളുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വാര്‍ത്താകുറിപ്പാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്താകുറിപ്പ് ഇറക്കിയിട്ടില്ലെന്നും വ്യാജപ്രചാരണം വിശ്വാസികള്‍ തള്ളിക്കളയണമെന്നും മെത്രാപ്പോലീത്ത ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പിറവം ഉള്‍പ്പെടെയുള്ള പള്ളികള്‍ സംബന്ധിച്ച തര്‍ക്കം രൂക്ഷമാവുകയും സുപ്രിംകോടതി വിധി നടപ്പാക്കുകയും ചെയ്തതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മെത്രാപ്പോലീത്തയുടെ പേരില്‍ വാര്‍ത്താകുറിപ്പ് പുറത്തിറങ്ങിയത്. ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളില്‍ നിന്നും അന്ത്യേഖ്യന്‍ വിശ്വാസികള്‍ രാജിവയ്ക്കണം. മനോരമ പത്രം, എംആര്‍എഫ് ടയര്‍, പാരഗണ്‍ പാദരക്ഷകള്‍ എന്നിവ ബഹിഷ്‌കരിക്കണം. മുത്തൂറ്റ് പണമിടപാട് സ്ഥാപനത്തില്‍നിന്നുള്ള യാക്കോബായ വിശ്വാസികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കണം.

അതോടൊപ്പം ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭയിലേക്കും വിവാഹ കൂദാശ നടത്തിയ ദമ്ബതിമാര്‍ ഇത് ഉപേക്ഷിക്കാന്‍ തയ്യാറാവണം. വിവാഹ ബന്ധം വേര്‍പെടുത്തുമ്ബോള്‍ അതില്‍ ജനിച്ച കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച്‌ അന്ത്യേഖ്യന്‍ വിശ്വാസത്തില്‍ ചേരാന്‍ ശ്രമിക്കണം. ഇവരെ വച്ച്‌ കാര്യങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ നമുക്ക് സാധിക്കും. ഇനിയും ഇത് മാത്രമാണ് മാര്‍ഗ്ഗം. ഇതായിരുന്നു വാര്‍ത്താകുറിപ്പിലെ ഉള്ളടക്കം. ഈ വാര്‍ത്താകുറിപ്പാണ് ജെസിഎസ് ന്യൂസ് വ്യാജമാണെന്ന് അറിയിച്ചത്.