മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ മാണി സി കാപ്പന്റെതെന്ന് പരാമര്‍ശിച്ച് പുറത്തുവിട്ട മൊഴി തള്ളി മുംബൈ വ്യവസായി ദിനേശ് മേനോന്‍. കോടിയേരി ബാലകൃഷ്ണനുമായി ഒരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും, കോടിയേരിയുടെ മകന്‍ ബിനോയിയെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലെന്നും ദിനേശ് മേനോന്‍ പറഞ്ഞു.
തന്നെ വഞ്ചിച്ചത് മാണി സി കാപ്പനാണെന്നും ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള കമ്ബനിയുടെ ഓഹരിക്കായി തിരിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത് കാപ്പനാണെന്നും, എന്നാല്‍ ഓഹരി കിട്ടിയില്ലെന്ന് മാത്രമല്ല പണം തിരിച്ചുനല്‍കാനും കാപ്പന്‍ തയ്യാറായില്ലെന്ന് ദിനേശ് മേനോന്‍ പറഞ്ഞു. അതേസമയം ഷിബു ബേബി ജോണ്‍ പുറത്തുവിട്ട മൊഴി കാപ്പനും തള്ളിയിരുന്നു. ദിനേശ് മേനോനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും കാപ്പന്‍ പ്രതികരിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി നല്‍കുന്നതിനായി മുംബൈ വ്യവസായി ദിനേശ് മേനോനില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കൈക്കൂലി വാങ്ങിയതായി മാണി സി കാപ്പന്‍. 2013ല്‍ കാപ്പന്‍ സിബിഐക്ക് നല്‍കിയ മൊഴി എന്ന തരത്തിലായിരുന്നു ഷിബു ബേബി ജോണ്‍ സാമൂഹ്യ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ചത്. ദിനേശ് മേനോന്‍ കോടിയേരിയും, ബിനീഷ് കൊടിയേരിയുമായി പണമിടപാട് നടത്തിയതായി കാപ്പന്‍ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നതായും ഷിബു ബേബി ജോണ്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.