മലയാള സിനിമാപ്രേമികളുടെ എല്ലാ കാലത്തെയും പ്രിയ നടി ശോഭനയാണ്. മണിച്ചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ ശോഭന സിനിമാ ജീവിതത്തിന് താല്‍കാലിക ഇടവേള നല്‍കിയിരിക്കുകയായിരുന്നു. 2013 ല്‍ റിലീസിനെത്തിയ തിര എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ശോഭന തിരിച്ച് വരുന്നത്. ഒക്ടോബര്‍ ഒന്നിന് ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയില്‍ സുരേഷ് ഗോപിയാണ് നായകന്‍. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മണിച്ചിത്രത്താഴ് അടക്കം നിരവധി സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ച താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ശോഭനയെ പോലെ തന്നെ സുരേഷ് ഗോപിയും ഏറെ കാലത്തിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ പേരോ മറ്റ് കാര്യങ്ങളോ ഇനിയും വ്യക്തമല്ല.
ചിത്രീകരണം ആരംഭിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ അധികം വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ചിലരുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയുന്നത്.