കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതികളെ നാലു പേരെയും ഇന്നു രാവിലെ എറണാകുളം വിജിലന്‍സ് കോടതി ക്യാന്പ് സിറ്റിംഗ് നടക്കുന്ന കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ 35 ദിവസമായി ഇവര്‍ സബ്ജയിലില്‍ റിമാന്‍ഡിലാണ്. പ്രതികളുടെ ജാമ്യാപേക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയാകാത്തതു കൊണ്ടാണ് കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കുന്നത്. ജാമ്യം നല്‍കരുതെന്നാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതിന്റെ തുടര്‍വാദവും ഇന്ന് കോടതിയില്‍ നടക്കും. പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം ടി തങ്കച്ചന്, മൂന്നാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന മറ്റ് പ്രതികള്‍.
പ്രതികള്‍ ആദ്യം ജാമ്യാപേക്ഷ നല്‍കിയിരുന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആയിരുന്നു. വിശദമായ വാദം കേട്ട ജഡ്ജി ഡോ. ബി. കലാം പാഷ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.