സുല്‍ത്താന്‍ബത്തേരി : കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാത 766ലെ രാത്രി യാത്ര നിരോധിച്ചതില്‍ പ്രതിഷേധിച്ച്‌ യുവജന സംഘടന നടത്തുന്ന അനിശ്ചിതകാല സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒന്നരലക്ഷത്തിലധികം പേരാണ് സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ വരുന്ന ആളുകളുടെ എണ്ണം കൂടുമെന്നാണ് കണക്കാക്കുന്നത്. ബത്തേരിയിലെ സ്വാതന്ത്ര മൈതാനിയിലാണ് ആളുകള്‍ എത്തിച്ചേരുന്നത്.

പാര്‍ട്ടി ഭേദമന്യേ നിരവധി നേതാക്കളാണ് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് സമരപ്പന്തലിലേക്ക് എത്തുന്നത്.കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയടക്കമുള്ള നേതാക്കള്‍ ഇന്ന് സമരപ്പന്തലില്‍ എത്തും. വെള്ളിയാഴ്ച വയനാട് എംപി രാഹുല്‍ ഗാന്ധി കൂടി എത്തുമെന്നുറപ്പായതോടെ വിഷയത്തില്‍ ദേശീയ ശ്രദ്ധ ലഭിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.