വാഷിംഗ്ടണ്‍: ഇംപീച്ച്മെന്റ് നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കവേ, ഡെമോക്രാറ്റുകളേയും അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ആദം ഷിഫിനേയും രാജ്യദ്രോഹി എന്ന് വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെളിവ് നല്കാന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൈക്ക് പോംപെയോ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസയച്ചതിനു ശേഷമാണ് രൂക്ഷ വിമര്‍ശനവുമായി ട്രംപ് മുന്നോട്ടുവന്നത്. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ട്രംപ് പൊട്ടിത്തെറിച്ചു.
ഫിന്‍ലന്റ് പ്രസിഡന്റുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടയിലാണ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംപീച്ച്മെന്റ് നടപടികള്‍ക്കെതിരെ ട്രംപ് വിമര്‍ശനം ഉയര്‍ത്തിയത്. തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹമാണെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ട്രംപ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്മാന് ആദം ഷിഫ് രാജ്യദ്രോഹിയാണോ എന്ന് പരിശോധിക്കണമെന്നും ഷിഫ് എത്രയും പെട്ടന്ന് രാജി വയ്ക്കണണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരായ പരാതിയില്‍ ആദം ഷിഫിന് പങ്കുണ്ടെന്നും ട്രംപ് ആരോപിച്ചു.
ഇംപീച്ച്മെന്റ് നടപടികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ട്രംപ് പൊട്ടിത്തെറിച്ചു. ചില മാധ്യമപ്രവര്‍ത്തകര്‍ തട്ടിപ്പുകാരാണെന്നും ട്രംപ് കുറ്റപ്പെടുത്തി.