ഉക്രൈന്‍ വിവാദത്തില്‍ തനിക്കെതിരെ യുഎസ് കോണ്‍ഗ്രസ് സമിതി നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തെ രൂക്ഷമായ ഭാഷയിലാണ് അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിക്കുന്നത്. ഡെമോക്രാറ്റിക് നേതാക്കള്‍ക്കും വിസില്‍ ബ്ലോവര്‍ക്കുമെതിരായ ആക്രമണാത്മക പരാമര്‍ശങ്ങള്‍ അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസും അതേ ഭാഷയില്‍ തന്നെയാണ് ട്രംപിന് മറുപടി നല്‍കിയത്. ‘ഞങ്ങളാരും വിഡ്ഢികളല്ല’ എന്നാണ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആദം ഷിഫ് പറഞ്ഞത്. വെള്ളിയാഴ്ചയോടെ ഉക്രെയ്‌നുമായുള്ള ബന്ധത്തെക്കുറിച്ചുള്ള രേഖകള്‍ കൈമാറിയില്ലെങ്കില്‍ വൈറ്റ്ഹൗസിന് കോടതിയില്‍ ഹാജരായി സാക്ഷിപറയാനുള്ള നോട്ടീസ് നല്‍കുമെന്ന് ഹൗസ് മേല്‍നോട്ട സമിതി അധ്യക്ഷ ഏലിയാ കമ്മിംഗ്‌സും വ്യക്തമാക്കി.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെ തോജോവധം ചെയ്യാന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സഹായം തേടിയതുമായി ബന്ധപ്പെട്ടാണ് യുഎസ്‌ പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യാന്‍ പ്രതിപക്ഷം രംഗത്തിറങ്ങിയത്. ഇതിനു മുന്നോടിയായാണ് യുഎസ് കോണ്‍ഗ്രസ് സമിതികളുടെ അന്വേഷണം. താന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും കുറ്റവിചാരണയല്ല, യുഎസ്‌ പ്രസിഡന്റിനെ അട്ടിമറിക്കാനുള്ള ഹീന ശ്രമമാണിതെന്നും ട്രംപ് ആരോപിക്കുന്നു. തന്നെ അട്ടിമറിച്ചാല്‍ ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

ഡെമോക്രാറ്റുകളുടെ അന്വേഷണ നടപടികള്‍ ട്രംപിനെ പ്രകോപിപ്പിക്കുന്നുണ്ട്. ഇംപീച്ച്‌മെന്റ് നടപടിയെകുറിച്ച്‌ ‘ബുള്‍ഷിറ്റ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഷിഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അന്വേഷിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍ ഭീഷണിപ്പെടുത്തുന്നതിലൂടെ അന്വേഷണം മന്ദഗതിയിലാക്കാമെന്ന് തല്‍ക്കാലം യുഎസ്‌ പ്രസിഡന്റ് കരുതേണ്ട എന്നായിരുന്നു ഷിഫ് അതിനു നല്‍കിയ മറുപടി. ഇംപീച്ച്‌മെന്റ് നടപടിക്ക് കാരണമായ വിവരങ്ങള്‍ വെളിപ്പെടുത്തിയ വിസില്‍ ബ്ലോവറെ കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങളെ ഷിഫും സ്പീക്കര്‍ നാന്‍സി പെലോസിയും അപലപിച്ചു.

അതിനിടെ, ഇംപീച്ച്‌മെന്റ് നടപടിയാവശ്യപ്പെട്ട ഡെമൊക്രാറ്റുകള്‍ക്കെതിരെ ട്രംപ് പ്രതികാര നടപടികള്‍ ശക്തമാക്കി. മുന്‍ വിദേശ സെക്രട്ടറിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയുമായിരുന്ന ഡെമൊക്രാറ്റിക് പാര്‍ടിയുടെ ഹിലരി ക്ലിന്റനെതിരെയാണ് നീക്കം. 2016-ലെ തെരഞ്ഞെടുപ്പിനു ശേഷം ഹിലരിക്കെതിരെ ഉയര്‍ന്ന ഇ-മെയില്‍ ആരോപണം അന്വേഷിക്കാന്‍ ട്രംപ് ഉത്തരവിട്ടിരിക്കുകയാണ്.

അതേസമയം,ട്രംപിന് എതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നത് ജനപ്രതിനിധി സഭയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ്. പ്രമേയം പാസാകാന്‍ കേവല ഭൂരിപക്ഷം മതി. 235 അംഗങ്ങളുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രമേയം പാസാക്കിയെടുക്കുവാന്‍ കഴിയും.

എന്നാല്‍ സെനറ്റിന്റെ മുന്നില്‍ രണ്ട് ഭൂരിപക്ഷം വോട്ടുകള്‍ പ്രമേയം പാസ്സാകാന്‍ ആവശ്യമാണ്. അതായത് 67 വോട്ടുകള്‍. ഡെമോക്രാറ്റുകള്‍ക്ക് 47 പേരേ ഉള്ളൂ. അതുകൊണ്ട് ഏതെങ്കിലും 20 റിപ്പബ്ലിക്കന്മാര്‍ ഡെമോക്രാറ്റുകളെ പിന്തുണക്കണം. അതിനെത്രമാത്രം സാധ്യതയുണ്ടെന്ന് ഇപ്പോള്‍ പറയുക സാധ്യവുമല്ല. എല്ലാം നടപടിക്രമങ്ങളുടെയും അവസാനം സെനറ്റിലെ വോട്ടെടുപ്പാണ്.