തിരുവനന്തപുരം: മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ മല്‍സരിപ്പിക്കാത്തതില്‍ ബിജെപിയില്‍ അമര്‍ഷവും പ്രതിഷേധവും രൂക്ഷമാവുന്നു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചശേഷം അവസാനനിമിഷം കുമ്മനം രാജശേഖരന്റെ പേര് വെട്ടിമാറ്റി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ തീരുമാനിക്കുകയായിരുന്നു.

കുമ്മനം മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചരണവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരപക്ഷം ഇടപെട്ട് കുമ്മനത്തെ വെട്ടിയതെന്നാണ് ആക്ഷേപം. ഇതിലുള്ള അതൃപ്തി കാരണം ഇന്നലെ നടന്ന മണ്ഡലത്തിലെ ഏരിയാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ നേതാക്കളുടെ പ്രാതിനിധ്യം കുറവായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവേളയില്‍ പ്രവര്‍ത്തകരുടെ പ്രാതിനിധ്യം കുറവായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡല പരിധിയില്‍ നിന്ന് 50,709 വോട്ടും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 43,700 വോട്ടും നേടി രണ്ടാംസ്ഥാനത്ത് വന്ന കുമ്മനത്തെ ഇക്കുറിയും മല്‍സരിപ്പിക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. കുമ്മനത്തിനായി പ്രചാരണം ഉള്‍പ്പെടെ അസൂത്രണം ചെയ്തശേഷമാണ് അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച റോഡ് ഷോ ഉള്‍പ്പെടെ തീരുമാനിച്ചിരുന്നത്രേ. മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പടെ നേരില്‍ക്കണ്ട കുമ്മനം മറ്റ് തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഇടപ്പെടലാണ് കുമ്മനത്തിന് തിരിച്ചടിയായതെന്നാണ് ആക്ഷേപം. മുരളിധരപക്ഷമാണ് ഇതിന് കരുക്കള്‍ നീക്കിയതെന്നും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.

കുമ്മനം വൈമനസ്യം പ്രകടിപ്പിച്ചതുകൊണ്ടാണ് ദേശീയ നേതൃത്വം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് കുമ്മനം പരസ്യമായി പറഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ സമീപിച്ചപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ച കുമ്മനം മുതിര്‍ന്ന നേതാക്കള്‍ നിര്‍ബന്ധിപ്പിച്ചപ്പോഴാണ് സമ്മതം മൂളിയത്. പ്രവര്‍ത്തകര്‍ക്കിടയിലെ അതൃപ്തിയും കുമ്മനത്തോളം ജനപിന്തുണ സുരേഷിനില്ലാത്തതും തിരിച്ചടിയാവുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്.