ബംഗളൂരു: വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഝാര്‍ഖണ്‍ഡിനെതിരെ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് തകര്‍പ്പന്‍ തുടക്കം. 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം 130 റണ്‍സെടുത്തിട്ടുണ്ട്. വിഷ്ണു വിനോദ് (27 പന്തില്‍ 40), സച്ചിന്‍ ബേബി (5) എന്നിവരാണ് ക്രീസില്‍. ജലജ് സക്‌സേന (18 പന്തില്‍ 25), സഞ്ജു സാംസണ്‍ (40 പന്തില്‍ 48) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

ടോസ് നേടിയ കേരളം ഝാര്‍ഖണ്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മഴ കാരണം 36 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മുന്‍നിര പരാജയപ്പെട്ടെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ ഝാര്‍ഖണ്ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ മൂന്നും കെ എം ആസിഫ്, എം ഡി നിധീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കുമാര്‍ ദിയോബ്രത് (54), സൗരഭ് തിവാരി (49 റിട്ടയേര്‍ഡ് ഹര്‍ട്ട്), ഇഷാന്‍ കിഷന്‍ (47), അനുകൂല്‍ റോയ് (31) എന്നിവരുടെ പ്രകടനം ഝാര്‍ഖണ്ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ആനന്ദ് സിങ് (26), ഉത്കാര്‍ഷ് സിങ് (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുമിത് കുമാര്‍ (3), വിവേക് തിവാരി (0) എന്നിവര്‍ പുറത്താവാതെ നിന്നു.