ഇടുക്കി: നാല് വ്യജ പട്ടയങ്ങള്‍ റദ്ദാക്കി ദേവികുളം മുന്‍ സബ്കളക്ടര്‍ രേണുരാജ്. മൂന്നാറില്‍ സ‌ര്‍ക്കാര്‍ ഭൂമി കൈയേറി വ്യാജമായി നിര്‍മ്മിച്ച പട്ടയങ്ങളാണ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്ബ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി.

സെപ്തംബര്‍ 24ന് സബ് കളക്ടര്‍ ഇറക്കിയ ഉത്തരവാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. ഇക്കാനഗറിലെ സര്‍വ്വെ നമ്ബര്‍ 912 ല്‍ ഉള്‍പ്പെട്ട എല്‍.എ 96/99, 94/99,97/99,54/99 എന്നീ പട്ടയങ്ങളാണ് റദ്ദാക്കിയത്. രണ്ടരയേക്കറോളം വരുന്ന സ്ഥലം ഏറ്റെടുക്കാന്‍ രേണുരാജ് തഹസില്‍ദാര്‍ക്ക് നിര്‍ദേശവും നല്‍കി.

1999ല്‍ ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രനാണ് ഈ പട്ടയങ്ങള്‍ അനുവദിച്ചത്. മരിയദാസ് എന്ന വ്യക്തി ഭൂമി കൈയേറി അയാളുടെ പേരിലും ബന്ധുക്കളുടെ പേരിലും വ്യാജ പട്ടയങ്ങള്‍ നിര്‍മ്മിച്ചുവെന്നാണ് കേസ്. ബിനു പാപ്പച്ചന്‍ എന്നയാളാണ് മരിയദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.